തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഈ അധ്യയന വർഷം പുതുതായി 1.75 ലക്ഷം കുട്ടികൾ പ്രവേശനം നേടിയതായി വിദ്യാഭ്യാസ വകുപ്പ്. ഈ വർഷത്തെ കുട്ടികളുടെ കണക്കെടുപ്പിന് ശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തി തുടങ്ങിയ ശേഷം നാല് വർഷത്തിനുള്ളിൽ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി വന്നത്. ഈ വർഷം ഒന്നാം ക്ലാസിൽ മാത്രം 8170 കുട്ടികൾ മുൻവർഷത്തേക്കാൾ കൂടുതലായി പ്രവേശനം നേടി.
ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിലാണ്. മുൻവർഷത്തേക്കാൾ 43,789 കുട്ടികൾ അധികം. എട്ടാം ക്ലാസിൽ അധികമായി വന്നത് 35,606 കുട്ടികളാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ 1,75,074 കുട്ടികൾ അധികമായി പ്രവേശനം നേടി. ഈ മേഖലയിൽ 33,75,340 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത് . മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ 47,760 പേരുടെ വർധനയുണ്ടായി. അതേസമയം അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ മൊത്തം വിദ്യാർഥികളുടെ എണ്ണത്തിൽ 91510 പേരുടെ കുറവുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുകയും പഠന നിലവാരം ഉയർത്തുകയും ചെയ്തതിന്‍റെ ഫലമാണ് ഈ പുത്തൻ ഉണർവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ ഉള്ളത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്ക് പോലും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹിക കാഴ്ചപ്പാടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയതിന് പിന്നിൽ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.