തിരുവനന്തപുരം: ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ബുധനാഴ്‌ച തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 2,500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തിയേറ്ററുകളിലെ അണു നശീകരണം പൂർത്തിയായി. ടാഗോർ തിയേറ്ററാണ് പ്രധാന വേദി. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 സിനിമകൾ മാറ്റുരയ്ക്കും.
ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ട യെല്ലോ ക്യാറ്റ്, സമ്മർ ഓഫ് 85 എന്നിവയാണ് ആദ്യ പ്രദർശനങ്ങൾ. ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രയോക്താക്കളിൽ പ്രമുഖനായ ഷീൻലുക്ക് ഗോദാർദിന്‍റെ ആറ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.