തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജ് ചുമത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയരും. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മൂന്ന് മാസത്തേക്കാണ് സര്‍ചാര്‍ജ് ചുമത്തിയിരിക്കുന്നത്.
സര്‍ചാര്‍ജ് കൂടി വരുന്നതോടെ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 20 രൂപ കൂടും. സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും വര്‍ധന ബാധകമാണ്. അതേസമയം മാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ള വീടുകളെ ഒഴിവാക്കിയിട്ടുണ്ട്. പുറത്ത് നിന്ന് വാങ്ങിയ വൈദ്യുതിക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അധികം ചെലവായ 76 കോടി രൂപ ഉപയോക്താക്കളില്‍ നിന്നും ഈടാക്കി നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി യൂണിറ്റിന് 13 പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്‍റെ ആവശ്യം. എന്നാല്‍ റഗുലേറ്ററി കമ്മിഷന്‍ 10 പൈസയാക്കി നിശ്ചയിക്കുകയായിരുന്നു.