പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ആറന്മുള ശൈലി വിട്ട് തുഴച്ചിൽ നടത്തിയ ഈ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ മല്ലപ്പുഴശ്ശേരിയടക്കം മൂന്നു പള്ളിയോടങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി പള്ളിയോട സേവാസംഘം. മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചെടുക്കാനും തീരുമാനിച്ചു. ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനത്തെത്തിയ കുറിയന്നൂരിന്‍റെയും, എ ബാച്ച് ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുന്നംതോട്ടത്തിന്‍റെയും ട്രോഫികൾ തിരിച്ചു വാങ്ങാനാണ് തീരുമാനം.
മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, പുന്നന്തോട്ടം പള്ളിയോടങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശ്ശേരിക്ക് മന്നം ട്രോഫിയും രണ്ടാം സ്ഥാനം നേടിയ കുറിയന്നൂരിന് ദേവസ്വം ബോര്‍ഡ് ട്രോഫിയും എ ബാച്ച് ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുന്നംതോട്ടം പള്ളിയോടത്തിന് കീക്കൊഴൂര്‍ വിനോദ് കുമാര്‍ ട്രോഫിയും ലഭിച്ചിരുന്നു. ഈ വള്ളങ്ങള്‍ പുറത്തു നിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി എടുത്തത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ തീരുമാനം പൊതുയോഗം അംഗീകരിച്ചു. അടുത്ത രണ്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ പള്ളിയോടങ്ങള്‍ വള്ളസദ്യ ബുക്കിങ് എടുക്കരുതെന്നുമാണ് നിര്‍ദേശം.