പത്തനംതിട്ട: ജില്ലയിൽ രണ്ട് കൊവിഡ് രോഗികൾ കഴിഞ്ഞത് താറാവ് ഷെഡിൽ. തിരുവല്ലയിലെ നിരണം പഞ്ചായത്തിലാണ് രണ്ട് കൊവിഡ് രോഗികള്‍ക്ക് പാടത്തോട് ചേർന്നുള്ള താറാവ് ഷെഡിൽ കഴിയേണ്ടി വന്നത്. സംഭവം വിവാദമായതോടെ അധികൃതർ ഇടപെട്ട് ഇവരെ കോയിപ്രത്തെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പഞ്ചായത്തിലെ ആറാം വാര്‍ഡ് പാപ്പാത്ര അംബേദ്‌കര്‍ കോളനിയിലെ രണ്ടു പേരാണ് താറാവുകൾക്ക് വേണ്ടി നിർമിച്ച ഓല ഷെഡില്‍ കഴിഞ്ഞത്.
Also Read: ലോക്‌ഡൗണിന്‍റെ മറവിൽ വഴിപാട് തട്ടിപ്പുമായി ഇ- പൂജ വെബ്സൈറ്റ്
പഞ്ചായത്തില്‍ സിഎഫ്‌എല്‍ടിസിയോ ഡോമിസില്യറി കെയര്‍ സെന്‍ററോ ആരംഭിക്കാത്തതിനാലാണ് കൊവിഡ് ബാധിച്ചവർക്ക് ഈ ഗതി ഉണ്ടായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കൊവിഡ് ചികിത്സ കേന്ദ്രത്തിൽ എത്താൻ കഴിയാതിരുന്നത് കാരണം കൊവിഡ് ബാധിതരായ ഇവർ, വീട്ടിലുള്ള മറ്റുള്ളവർക്ക് കൂടി രോഗം പകരാതിരിക്കാനാണ് പാടത്തോടു ചേർന്നുള്ള ഷെഡിൽ അഭയം തേടിയത്. ആശുപത്രിൽ എത്തും വരെ വീട്ടിൽ കഴിയാൻ മതിയായ സൗകര്യങ്ങളും ഇല്ലായിരുന്നു. സംഭവമറിഞ്ഞ് ജില്ല ഭരണകൂടം ഇടപെട്ടതോടെയാണ് രണ്ട് പേരെയും ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Also Read: കൊവിഡ് വ്യാപനം; ദുരിതം പേറി വയനാട്ടിലെ ആദിവാസി സമൂഹം