പത്തനംതിട്ട: ജില്ലയിലെ ആദ്യ കൊവിഡ് 19 പട്ടികയിൽ ഉള്‍പ്പെട്ട വടശേരിക്കര സ്വദേശിയായ 62കാരി ആശുപത്രി വിട്ടു. 47 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുപത്തിയൊന്നാമത്തെ പ്രാവശ്യം പരിശോധന ഫലo നെഗറ്റിവായതിനെ തുടർന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. തുടർച്ചയായി നടത്തിയ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെയാണ് ഡിസ്ചാര്‍ജ് അനുവദിച്ചത്. പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്നാണ് തീരുമാനമെടുത്തത്. ഇവരെ കൂടാതെ ചികിത്സയിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തു. മാര്‍ച്ച് എട്ടിനാണ് അറുപത്തിരണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10ന് എടുത്ത സാമ്പിള്‍ 13ന് പോസ്റ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നു.
പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്പിളുകള്‍ അയച്ചെങ്കിലും ഏപ്രില്‍ 2ന് വന്ന റിസല്‍ട്ട് മാത്രമാണ് നെഗറ്റീവായത്. ഇതുവരെ 21 സാമ്പിളുകളാണ് അയച്ചത്. 36 ദിവസമായി ഇവർ പോസറ്റീവായി തുടരുകയായിരുന്നു. പ്രമേഹ രോഗികൂടിയായ ഇവർ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെയാണ് കഴിഞ്ഞ 47 ദിവസങ്ങളായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിൽ കഴിഞ്ഞത്. ഇവരോടൊപ്പം കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ മകൾ നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.