പത്തനംതിട്ട: കൊവിഡ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യത്തിനായി പമ്പാതീരത്തുള്ള ഹെര്‍മിറ്റേജ് ഭവന്‍ മാര്‍ത്തോമ സഭ ജില്ലാ ഭരണകൂടത്തിന് നല്‍കി. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിനാണ് 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ജില്ലാ ഭരണകൂടത്തിന് നൽകിയത്. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായോട് എംഎല്‍എ വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചത് പ്രകാരമാണ് 20 അപ്പാര്‍ട്ടുമെന്‍റുകളുള്ള കെട്ടിടം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് മെത്രാപ്പോലീത്തയുമായി എംഎല്‍എ സംസാരിച്ചത്. ഐസൊലേഷനായി വിട്ടുനല്‍കിയ കോഴഞ്ചേരി ഹെര്‍മിറ്റേജ് ഭവന്‍ എംഎല്‍എ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
വൃദ്ധരായ വൈദികരെയും രോഗാവസ്ഥയില്‍ ഉള്ളവരെയും താമസിപ്പിക്കുന്നതിന് വേണ്ടി സഭ നിര്‍മിച്ചതാണ് ഹെര്‍മിറ്റേജ് മന്ദിരം. പുതിയ കെട്ടിടം ഗവണ്‍മെന്‍റിന്‍റെ ആവശ്യത്തിന് വിട്ടുനല്‍കിയതില്‍ വീണാ ജോര്‍ജ് സഭാ നേതൃത്വത്തിന് നന്ദി അറിയിച്ചു. ഇതിനു പുറമേ ചരല്‍ക്കുന്ന് ക്യാമ്പ് സെന്‍റർ, അടൂര്‍ യൂത്ത് സെന്‍റർ, ആറാട്ടുപുഴ തരംഗം എന്നീ സ്ഥാപനങ്ങളും മാര്‍ത്തോമ സഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയിട്ടുണ്ട്.