പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രതികൾക്ക് എതിരെ ദുർബല വകുപ്പുകൾ ചുമത്തി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടി വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി.
കേസില്‍ ഉൾപ്പെട്ട ആറ് പ്രതികളെ അറസ്റ്റ് ചെയ്‌ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതോടെയാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നത്. പൊലീസ് രേഖപ്പെടുത്തിയത് കൃത്യമായ മൊഴിയല്ലെന്നും പ്രതികളെ രക്ഷപ്പെടുത്താൻ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്നും ആരോപിച്ച് പെൺകുട്ടി വീടിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ചു. ഇതേ തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കുടുംബത്തിന്‍റെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ ആറ് പ്രതികളെ കൂടാതെ ഗൂഡാലോചനയിൽ പങ്കാളികളാണെന്ന് കാണിച്ച് രണ്ട് പേർക്കെതിരെയും കുടുംബം മൊഴി നൽകിയിട്ടുണ്ട്. മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെയാണ് പെൺകുട്ടി നിരാഹാര സമരം അവസാനിപ്പിച്ചത്.
കേസിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരായ ആറു പ്രതികളെയും പത്തനംതിട്ട ജില്ല കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കോയമ്പത്തൂരിൽ നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ പ്രതികൾ വാട്‌സ് ആപ്പിലൂടെ പ്രചാരണം നടത്തുകയും പെൺകുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത് .