പത്തനംതിട്ട: കൊവിഡ് കാലത്ത് ദുരിതത്തിലായ വിദ്യാർഥികൾക്ക് വീടുകളിൽ സഹായമെത്തിച്ചു അധ്യാപകരുടെ കരുതൽ. ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ് ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ വിഎച്ച്‌എസ്‌ഇ വിഭാഗത്തിലെ അധ്യാപകരും ജീവനക്കാരുമാണ് പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റുകളുമായി വിദ്യാർഥികളുടെ വീടുകളിൽ എത്തിയത്.
'എന്‍റെ സ്കൂൾ എന്‍റെ കുടുംബം' എന്ന പദ്ധതിപ്രകാരം വിഎച്ച്‌എസ്‌ഇ വിഭാഗത്തിലെ മുപ്പത്തിയഞ്ച് കുട്ടികൾക്കാണ് സഹായം നൽകുന്നത്.
പഠനോപകരണങ്ങൾ, ഭക്ഷ്യ കിറ്റ് എന്നിവയ്ക്കു പുറമെ ആവശ്യമായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണും എത്തിച്ച് നൽകും. കൂടാതെ വിദ്യാർഥികളുടെ പരീക്ഷ ഫീസും തങ്ങൾ തന്നെ അടയ്ക്കുമെന്ന് വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ ഷൈൻ.ടി പറഞ്ഞു.
also read: സ്‌കൂള്‍ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മന്ത്രിമാര്‍
പ്രിൻസിപ്പലിന് പുറമെ അധ്യാപകരായ എ കെ സജീവ്, പ്രജുലാൽ, സ്റ്റാഫ് അശോക് കുമാർ പിടിഎ പ്രസിഡന്‍റ് കണ്ണപ്പൻ എന്നിവർ രണ്ടു ടീമുകളായി തിരിഞ്ഞാണ് സഹായ വിതരണം നടത്തുന്നത്. 'ഓരോ വിദ്യാലയവും ഒരു കുടുംബം അധ്യാപകർ രക്ഷിതാക്കൾ' എന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്ന് അധ്യാപകൻ എ.കെ സജീവ് പറഞ്ഞു.