പത്തനംതിട്ട: ഒരു കിലോ 10 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ തിരുവല്ല പോലീസും ഡാൻസാഫ് ടീമും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് പുത്തൂർ ഓമശ്ശേരി കണ്ണൻകോട്ടുമ്മൽ, കെ അഭിജിത് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ഏവിയേഷൻ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് പിടിയിലായ അഭിജിത്ത് (Aviation Student Caught With Hashish Oil At Kerala).
ബംഗളൂരില്‍ നിന്ന് തിരുവല്ലയിലെയും പരിസരപ്രേദേശങ്ങളിലെയും വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. തിരുവല്ല റെയിൽവേസ്റ്റേഷനു സമീപത്തുവച്ചാണ് അഭിജിത്തിനെ മയക്കുമരുന്നുമായി പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വി അജിതിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, തിരുവല്ല ഡി വൈ എസ് പി അഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്.
മയക്കുമരുന്നിന്‍റെ ഉറവിടം, കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ജില്ലയിൽ മദ്യ -മയക്കുമരുന്ന് മാഫിയകൾക്കെതിരായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.