പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീർഥാടനത്തിനായുള്ള ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് 17നു നടക്കും.വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസവും 250 പേർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ദർശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തരും കരുതണം.
ഭക്തർക്ക് കുളിക്കാൻ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്,ബാത്റൂം സൗകര്യങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയപ്പഭക്തന്മാരുടെ മല കയറ്റവും മല ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തർ കൊടിമരത്തിന് വലതു വശത്തു കൂടെ ദർശനത്തിനായി പോകണം. അയ്യപ്പന്മാർമാർക്ക് കൊവിഡ് 19 മാനദണ്ഡം പാലിച്ച് ദർശനം നടത്താനായി പ്രത്യേക മാർക്കുകൾ നടപ്പന്തൽ മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോ വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി ഭക്തർക്ക് മലയിറങ്ങാം.
ഭക്തർ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറിൽ ശേഖരിച്ച് ശേഷം മറ്റൊരു കൗണ്ടറിലൂടെ അവർക്ക് നെയ്യ് അഭിഷേകം കഴിഞ്ഞുളള നെയ്യ് നൽകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും. അന്നദാനം ചെറിയ തോതിൽ ഉണ്ടാകും. ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി ശബരിമലയിൽ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകൾക്ക് പുറമെ ഉദയാസ്‌തമന പൂജ, പടിപൂജ, എന്നിവ ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.