പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കും ചിങ്ങമാസത്തിലെ ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല നട ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും.
നിറപുത്തരി പൂജകള്‍ക്കായി 16ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ശബരിമലയില്‍ കരനെല്‍കൃഷി ചെയ്‌ത നെല്‍കറ്റകള്‍, മേല്‍ശാന്തി ആചാരപൂര്‍വം ശിരസിലേറ്റി നിറപുത്തരി പൂജക്കായി ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും.
പൂജകള്‍ക്ക് ശേഷം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. 16ന് പുലര്‍ച്ചെ 5.55 മുതല്‍ 6.20 നകമുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ നടക്കുന്നത്. 16 മുതല്‍ 23 വരെ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും. ഓണ്‍ലൈനിലൂടെ ബുക്ക്‌ചെയ്‌ത് ദര്‍ശനാനുമതി ലഭിച്ച ഭക്തര്‍ക്ക് മാത്രമാണ് ഇക്കുറിയും ശബരിമലയില്‍ പ്രവേശനം അനുവദിക്കുക.
കൊവിഡ് പ്രോട്ടോക്കോൾ കർശനം
ദര്‍ശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതേണ്ടതാണ്. ഓണം നാളുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് ഭക്തര്‍ക്കായി ഓണസദ്യ നല്‍കും.
ഓഗസ്റ്റ് 23ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. ഓഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന എട്ട് ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്ന കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നട വീണ്ടും തുറക്കും.