പത്തനംതിട്ട : കനത്ത മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയില്‍ സുരക്ഷാസംവിധാനങ്ങള്‍ സജ്ജം. പമ്പയിലും സന്നിധാനത്തും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ചെറുക്കാനുള്ള മുഴുവന്‍ സൗകര്യങ്ങളും ഒരുക്കി. സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി സന്നിധാനത്ത് പത്തിടങ്ങളില്‍ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. എപ്പോഴും ജാഗ്രത പുലര്‍ത്തുവാനും അടിയന്തര സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കുവാനും സേനാംഗങ്ങള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.
പമ്പയില്‍ ഇറങ്ങുന്നതിന് നിയന്ത്രണം : നിലവിൽ പമ്പയിൽ ജല നിരപ്പ് സാധാരണ നിലയിലാണെങ്കിലും, റെഡ് അലർട്ട് കണക്കിലെടുത്ത്, ഭക്തർ ഇറങ്ങി കുളിക്കുന്നത് സേനാംഗങ്ങൾ നിയന്ത്രിക്കുന്നുണ്ട്. പൊലീസിന്‍റെ ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ശരംകുത്തി, മരക്കൂട്ടം സന്നിധാനം എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശങ്ങളും അറിയിപ്പുകളും ഭക്തര്‍ക്കായി സേന നൽകുന്നുണ്ട്.
ദുരന്ത നിവാരണ ഉപകരണങ്ങളോടുകൂടി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം സന്നിധാനത്തും ഒരു സംഘം പമ്പയിലും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ആവശ്യമായി വന്നാല്‍ തൃശൂരില്‍ നിന്നും സേനാംഗങ്ങളെ എത്തിക്കും. അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയും സുസജ്ജം : മണ്ണിടിച്ചില്‍ ഉള്‍പ്പടെ മറ്റെന്തെങ്കിലും ദുരന്തങ്ങളുണ്ടായി ഭക്തര്‍ അപകടത്തില്‍പ്പെടുകയാണെങ്കില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി എട്ട് ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം സന്നിധാനത്തെ ആശുപത്രിയിലെത്തി. രണ്ട് ഐസിയു ബെഡുകളും ഒരു സെമി ഐസിയു ബെഡും അടങ്ങുന്ന സൗകര്യങ്ങൾ സന്നിധാനത്തെ സഹാസ് കാർഡിയോളജി ക്ലിനിക്കിൽ ലഭ്യമാണ്.
ക്രമീകരണങ്ങളൊരുക്കി കെഎസ്‌ഇബി : ശബരിമലയില്‍ യാതൊരു വിധത്തിലുള്ള വൈദ്യുതി വിച്ഛേദനവും ഉണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും കെഎസ്‌ഇബി ഒരുക്കിയിട്ടുണ്ട്. പമ്പയും സന്നിധാനവും മുഴുവനായും കേബിൾ സംവിധാനത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിനാൽ അപകട സാധ്യതയും വിച്ഛേദന സാധ്യതയും 99 ശതമാനം കുറവാണ്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്. സേനാംഗങ്ങളുടെ നിര്‍ദേശം ഭക്തര്‍ പാലിക്കണമെന്ന് സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
പാതയില്‍ പാമ്പ് പിടുത്തക്കാരെ നിയമിക്കും: സന്നിധാനത്തേക്കുള്ള വഴിയില്‍ പാമ്പ് പിടുത്തക്കാരെ വിന്യസിച്ചു. പാതയില്‍ പാമ്പുകള്‍ അധികമായെത്തുന്നതും സന്നിധാനത്തേക്കുള്ള പാതയില്‍ നിന്നും ആറ് വയസുകാരിക്ക് പാമ്പ് കടിയേറ്റതും കണക്കിലെടുത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍റെ നിര്‍ദേശ പ്രകാരമാണ് പാമ്പ് പിടുത്തക്കാരെ നിയമിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണനും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും ചര്‍ച്ച നടത്തിയിരുന്നു.
also read: മലനിറഞ്ഞ് ഭക്തർ, നാട് നിറഞ്ഞ് ശരണമന്ത്രം... ശബരിമലയില്‍ തിരക്കേറുന്നു
ഇതിന് പിന്നാലെയാണ് തീരുമാനം. നാല് പേരെയാണ് നിലവില്‍ പാതയില്‍ വിന്യസിച്ചിട്ടുള്ളത്. ഇതുകൂടാതെ കാനനപാതയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും വിന്യസിച്ചിട്ടുണ്ട്.
ആറുവയസുകാരിക്ക് പാമ്പ് കടിയേറ്റു : ഇന്ന് (നവംബര്‍ 23) പുലര്‍ച്ചെ 4 മണിക്കാണ് ആറുവയസുകാരിക്ക് സന്നിധാനത്തേക്കുള്ള പാതയില്‍ പാമ്പ് കടിയേറ്റത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്‍റെ മകൾ നിരഞ്ജനയ്‌ക്കാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ചാണ് സംഭവം. കുട്ടിയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ രണ്ട് പേര്‍ക്കാണ് പാതയില്‍ വച്ച് പാമ്പിന്‍റെ കടിയേല്‍ക്കുന്നത്.