പത്തനംതിട്ട : പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട കുമ്പഴയിൽ അമിത വേഗതയില്‍ എത്തിയ എര്‍ട്ടിഗ കാര്‍ ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു. പത്തനംതിട്ട മേലേവെട്ടിപ്രം വഞ്ചിപ്പൊയ്‌ക നെല്ലിക്കാട്ടില്‍ വീട്ടില്‍ പ്രസന്നന്‍ (53) ആണ് മരിച്ചത്. പത്തനംതിട്ടയിലെ സിഐടിയു യൂണിയനില്‍പ്പെട്ട ചുമട്ടു തൊഴിലാളിയാണ് പ്രസന്നന്‍ (Porter Died After Hit By A Car).
ഇന്നലെ ഉച്ചയോടെ കുമ്പഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപമായിരുന്നു അപകടം. റാന്നിയില്‍ നിന്ന് കുമ്പഴ ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപമുള്ള പള്ളിയുടെ മതിലും ബോര്‍ഡും തകര്‍ത്താണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അതേസമയം കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ മദ്യപിച്ചിരുന്നതായി പറയുന്നു. അപകടമുണ്ടാക്കിയ കാറിൽ നിന്നും ബിയർ കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കാർ നിയന്ത്രണം വിട്ടു : കോഴിക്കോട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി (Car Falls Into Gorge Kozhikode). കോഴിക്കോട് - മലപ്പുറം ജില്ല അതിർത്തിയായ പന്നിക്കോട് - തൃക്കളയൂർ ക്ഷേത്രത്തിന് സമീപം പഴം പറമ്പിലാണ് സംഭവമുണ്ടായത്.
ഒക്‌ടോബർ 9ന് രാത്രി 10.30ഓടെ മലപ്പുറം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു (Car accident). അതേസമയം കാറിനകത്ത് ഉണ്ടായിരുന്നത് കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ഷംസീർ മാത്രമായിരുന്നു.
ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിട്ടു. അപകടം നടന്ന സ്ഥലത്ത് നൂറടിയോളം താഴ്‌ച ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ കാർ 15 അടി താഴ്‌ചയിലെ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും കാർ വടംകെട്ടി നിർത്തി ഷംസീറിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് ക്രെയിൻ എത്തിച്ചു കൊക്കയിൽ നിന്നും കാർ പുറത്തെടുത്തിരുന്നു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
മംഗളൂരുവിൽ കാറപകടം : മംഗളൂരു ഫുട്‌പാത്തിലൂടെ നടക്കവെ നിയന്ത്രണം വിട്ട കാറിടിച്ച് യുവതി മരിച്ചു (Pedestrian women were hit by car). അപകടത്തിൽ സൂറത്‌കൽ സ്വദേശിനി രൂപശ്രീ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സ്വാതി, ഹിറ്റ്‌നവി, കൃതിക, യതിക എന്നിവർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചിരുന്നു.
മംഗളൂരു കോർപറേഷൻ നീന്തൽക്കുളത്തിന് സമീപം ഒക്ടോബർ 18ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.