പത്തനംതിട്ട: കാലപ്പഴക്കത്താല്‍ തകർന്ന മേല്‍ക്കൂരയുമായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ അപകട നിലയില്‍. സ്റ്റേഷൻ തുടങ്ങി 34 വർഷമായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനാല്‍ ശോചനീയ അവസ്ഥയിലാണ് പൊലീസ് സ്റ്റേഷൻ. 2018ലെ പ്രളയത്തില്‍ സ്റ്റേഷൻ കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതേ തുടർന്ന് കെട്ടിടത്തിന് കാര്യമായ ബലക്ഷയം ഉണ്ടാവുകയും ചെയ്തു. കെട്ടിടത്തിന്‍റെ ഭിത്തികള്‍ വീണ്ടു കീറിയും മേല്‍ക്കൂര ചിതലെടുത്തും ദ്രവിച്ച അവസ്ഥയിലാണ്. മാനത്ത് കാറുകൊണ്ടാല്‍ ഫയലുകളും കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ. കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണതയുടെ വക്കില്‍ നില്‍ക്കുന്ന സ്റ്റേഷന്‍ ഏത് സമയത്തും നിലപൊത്താം. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്‍റെ കെട്ടിടം 1986ലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനുവേണ്ടി വാടകയ്‌ക്കെടുത്തത്.
പുതിയ സ്‌റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി ആലുന്തുരുത്തി കീച്ചേരി വാൽക്കടവിന് സമീപം 75 സെന്‍റ് സ്ഥലം അനുവദിക്കുകയും ആഭ്യന്തര വകുപ്പ് 30 ലക്ഷം രൂപ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ നിർമിക്കേണ്ട കെട്ടിടത്തിന്റെ സ്കെച്ച് തയാറാക്കുന്നതിനുള്ള ഫയൽ ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് നിർമാണ വിഭാഗത്തിന് മൂന്നു മാസം മുമ്പ് കൈമാറിയെങ്കിലും തുടർ നടപടികൾ ലോക്ക് ഡൗണിൽ കുരുങ്ങി ക്കിടക്കുകയാണെന്ന് തിരുവല്ല ഡിവൈഎസ്‌പി ടി.രാജപ്പൻ പറഞ്ഞു.