പത്തനംതിട്ട: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിൽ ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. രണ്ടു ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. നാലു കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി.
കോന്നിയില്‍ രണ്ടും, പത്തനംതിട്ട ആനപ്പാറയിലും പന്തളത്തും ഓരോ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെയുമായാണ് ഉച്ചവരെ അക്രമം നടന്നത്. കോന്നി കുളത്തുങ്കല്‍ ഭാഗത്ത് തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് നേരെ കല്ലേറുണ്ടായി.
ബസിന്‍റെ മുന്നിലെ ചില്ല് തകര്‍ന്നു. ചില്ല് തെറിച്ചു കയറി ഡ്രൈവര്‍ കടയ്‌ക്കല്‍ സ്വദേശി ഷാജിയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഷാജി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ചില്ല് തെറിച്ച് കോന്നി സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ബോബി മൈക്കിളിന്‍റെ കണ്ണിനും പരുക്കേറ്റു. ഇദ്ദേഹത്തിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇതിന് ശേഷമാണ് ഇളകൊള്ളൂര്‍ സ്‌കൂള്‍ പടിയ്‌ക്ക് സമീപം വച്ച് പത്തനാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറിന് നേരെ കല്ലേറുണ്ടായത്. പത്തനംതിട്ട - കുമ്പഴ റോഡില്‍ ആനപ്പാറയിലും കെഎസ്‌ആര്‍ടിസി ബസിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സര്‍വിസ് നടത്തിയ ബസിന് നേരെ നാലംഗ സംഘം കല്ലെറിയുകയായിരുന്നു.
ഇടവഴിയിലുടെ ബസിന് മുന്നിലേക്ക് ഓടിയെത്തിയ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ശേഷം പൊലീസ് സുരക്ഷയിൽ ബസ് വീണ്ടും സര്‍വിസ് തുടർന്നു.
പന്തളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പെരുമണിലേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിന് നേരെ കല്ലേറുണ്ടായി. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുമ്പോഴാണ് ആക്രമണം. രാവിലെ ഏഴുമണിക്കാണ് സംഭവം. മുന്‍ ഗ്ലാസ് തകര്‍ന്ന് ചില്ല് തെറിച്ച് ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു.
ഹർത്താലനുകൂലികൾ പത്തനംതിട്ട നഗരത്തിലും അടൂർ നഗരത്തിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി.