പത്തനംതിട്ട: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്‌തു. എറണാകുളം കണയന്നൂർ വടക്കേകോട്ടയിൽ കൊച്ചേരിൽ വീട്ടിൽ സുജിത് (37) ആണ് അറസ്റ്റിലായത്. ഒക്‌ടോബർ 21 ന് രാവിലെ 8.30 നാണ് സംഭവം. അടൂരിനടുത്തുള്ള പറക്കോട് പന്നിവിഴ റോഡിലെ ടി.ബി ജങ്‌ഷനിൽ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്.
62000 രൂപയുടെ മൂല്യംവരുന്ന മാലയാണിത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ മോചിതരായവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കളമശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂർ,പത്തനംതിട്ട, ചങ്ങനാശേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി വാഹന മോഷണ കേസുകളിലും, സ്ത്രീ പീഡന കേസുകളിലുമടക്കം പത്ത് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ALSO READ: മുല്ലപ്പെരിയാര്‍ ഡാം തുറന്നു; കേരളം സുസജ്ജം
2021 ഫെബ്രുവരി മാസം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത വാഹനമോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം നാലുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്‌തതുമായി ബന്ധപ്പെട്ട് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ ബിനുവിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷ്‌ടാവിനെ വലയിലാക്കിയത്.