പത്തനംതിട്ട: മലയാലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ സ്വദേശി ഹരിയാണ് ഭാര്യ ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഹരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലയാലപ്പുഴ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ നിലയിൽ ലളിതയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മദ്യത്തിന് അടിമയായിരുന്ന ഹരി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ലളിത മലയാലപ്പുഴ ഗ്രാമീൺ ബാങ്കിൽ സ്വീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു. മൂത്ത മകൻ ഗിരീഷ് ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇളയ മകൻ ഹരീഷ് ഇന്‍ഡസ് ബാങ്ക് ജീവനക്കാരനാണ്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.