ശബരിമല: മകരവിളക്കന്‍റെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂർത്തിയാക്കാൻ തീരുമാനം. സന്നിധാനത്ത് ചേർന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗമാണ് തീരുമാനം എടുത്തത്. ബാരിക്കേഡുകളുടെയും വെളിച്ച സംവിധാനങ്ങളുടെയും ക്രമീകരണം എത്രയും വേഗം പൂര്‍ത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. മകര ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരിച്ചിറങ്ങുന്ന വഴികള്‍ വൃത്തിയാക്കും. മകരവിളക്ക് ദര്‍ശിക്കുന്നവര്‍ക്ക് സോപാനത്ത് നില്‍ക്കുന്നതിന് കൃത്യമായ നിയന്ത്രണ സംവിധാനം ഉണ്ടാകും.
സന്നിധാനത്തെ ഹോട്ടലുകളില്‍ അഗ്നിശമന സേന നടത്തിയ പരിശോധനയില്‍ പരിധിയില്‍ അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തി. ഇവരോട് അധിക സിലിണ്ടറുകള്‍ ഗ്യാസ് ഹൗസിലേക്ക് നീക്കാനോ കടയുടെ പുറകില്‍ അകലെ തുറസ്സായ സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിക്കാനോ നിര്‍ദേശം നല്‍കി. തീപിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി എയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ സ്ഥാപിക്കും. 12, 13, 14, 15 തിയതികളില്‍ വരാവുന്ന തിരക്ക് കണക്കിലെടുത്ത് കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. പേവിഷബാധയ്‌ക്കെതിരെയുള്ള മരുന്നും പാമ്പ്കടിയേറ്റവര്‍ക്കുള്ള ആന്റിവെനവും കരുതല്‍ ശേഖരത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ്, സ്‌പെഷ്യല്‍ ഓഫീസര്‍ സുജിത്ത്ദാസ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് ജയമോഹന്‍ എന്നിവര്‍ പങ്കെടുത്തു.