പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്‌ച. ശനിയാഴ്‌ച മാത്രം വെർച്വൽ ബുക്കിങ് വഴിയെത്തിയത് 49846 തീർഥാടകരാണ്. നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പതിനായിരത്തിന് മുകളിൽ അയ്യപ്പൻമാർ ശബരിമലയിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ക്രമമായി സ്വാമിമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു. ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കൊവിഡ് ലോക്ക്‌ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്‌ച വലിയ നടപ്പന്തൽ മിക്കപ്പോഴും ഭക്തരെക്കൊണ്ട് നിറഞ്ഞ സാഹചര്യവുമുണ്ടായി.
കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീർഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല ഭക്തി ലഹരിയിലാവുകയാണ്.
പടി കയറാൻ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഇപ്പോൾ ദർശന സൗകര്യം ഒരുക്കുന്നുണ്ട്.
ALSO READ: 'താങ്കളായിരുന്നു എന്‍റെ ധൈര്യം'; സഹോദരന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മഹേഷ് ബാബു