പത്തനംതിട്ട: കൊവിഡ് കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷമായി അധ്യാപകരുൾപ്പെടെ എല്ലാ ജീവനക്കാരും വനിതകളായ പത്തനംതിട്ട ജില്ലയിലെ ചൂരക്കോട് സർക്കാർ എൽപി സ്കൂളും കുരുന്നുകളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും പഠിക്കാമെന്നറിഞ്ഞപ്പോൾ ചൂരക്കോട് സ്‌കൂളിലെ കുട്ടികളും ഹാപ്പിയാണ്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കിറ്റും പുസ്‌തകവും വാങ്ങാനെത്തുന്ന കുരുന്നുകൾ തങ്ങളുടെ സ്കൂളും പ്രിയപ്പെട്ട അധ്യാപകരേയും വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷം പങ്കുവെയ്ക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികളെ അടുത്തു കണ്ടതിന്‍റെ സന്തോഷം ടീച്ചർമാരും പങ്കുവെച്ചു.
ഒരു കുടുംബം പോലെ
2014 ൽ 170 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 457 കുട്ടികളുണ്ട്. പ്രീപ്രൈമറിയിൽ മാത്രം 126 കുട്ടികളുണ്ട്. ഓരോ കുട്ടിയ്ക്കും പ്രത്യേകം ശ്രദ്ധ നൽകി ചിട്ടയായ പഠന സംവിധാനമാണ് സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നത്.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ആവശ്യമായ എല്ലാ വിദ്യാർഥികൾക്കും എത്തിച്ചു നൽകി. കുട്ടികളുടെ എണ്ണം കൂടിയതോടെ സ്ഥലപരിമിതിയ്ക്ക് പരിഹാരമായി പുതിയ കെട്ടിട നിർമ്മാണവും നടന്നുവരുന്നു.
പ്രധാനാധ്യാപിക ബിഎം ബുഷ്‌റയുൾപ്പെടെ 14 അധ്യാപകരും രണ്ട് ആയമാരുമാണ് അടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എൽപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ചൂരക്കോട് സ്കൂളിലുള്ളത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരു കുടുംബമായി മുന്നേറുന്നതാണ് തങ്ങളുടെ വിജയമെന്ന് പ്രധാനധ്യാപിക പറയുന്നു.