പത്തനംതിട്ട : നിര്‍ത്തലാക്കിയ പത്തനംതിട്ട -ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആറന്മുള ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്നതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആറന്മുള വള്ളംകളി, വള്ളസദ്യ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി പത്തനംതിട്ട കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നായ ആറന്മുള ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഭക്തജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി വഴിപാടില്‍ പങ്കെടുക്കാനുമുള്ള സൗകര്യം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. ഒരുക്കങ്ങളുടെ ഏകോപനത്തിന്‍റെ കോ-ഓര്‍ഡിനേറ്ററായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ടി ജി ഗോപകുമാറിനെയും അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്ററായി കോഴഞ്ചേരി തഹസില്‍ദാരെയും ചുമതലപ്പെടുത്തി.
പമ്പ നദിയില്‍ കോഴഞ്ചേരി പാലം നിര്‍മാണം നടക്കുന്ന സ്ഥലത്ത് പള്ളിയോടം കടന്നു പോകുന്നതിനുള്ള തടസം അടിയന്തരമായി നീക്കം ചെയ്യണം. പള്ളിയോടത്തിന്‍റെ യാത്രയ്ക്ക് തടസമായി നദിയിലുള്ള മണല്‍ ചാക്കുകളും ചെളിയും നീക്കം ചെയ്യണം. ആറന്മുള സത്രത്തിന്‍റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.
ആറന്മുളയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിനെയും സ്‌കൂബാ ടീമിനെയും വിന്യസിക്കണം. നദിയിലേക്ക് മാലിന്യങ്ങള്‍ ഇടുന്നവരെ ക്യാമറ നിരീക്ഷണത്തിലൂടെ കണ്ടെത്തി പിഴ ചുമത്തണം. ടി കെ റോഡില്‍ ഇലന്തൂര്‍ മാര്‍ത്തോമ പള്ളിക്ക് സമീപമുള്ള കലുങ്കിന്‍റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആറന്മുളയിലേക്ക് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയുമായി ബന്ധപ്പെടുത്തി ടൂറിസം പാക്കേജ് ഉടന്‍ ആരംഭിക്കുന്നതിനുള്ള സാധ്യത ഡിടിപിസി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിർദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വള്ളസദ്യയുടെ ബുക്കിങ് ഇത്തവണ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനപ്രവാഹം കൂടുതലായിരിക്കും. ഇതു കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. ആരോഗ്യവകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, മേജര്‍, മൈനര്‍ ഇറിഗേഷന്‍, പിഡബ്ല്യുഡി (റോഡ്‌സ്, ബില്‍ഡിങ്), കെഎസ്ഇബി, കെഎസ്ആര്‍ടിസി, ഡിറ്റിപിസി, വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത്, എക്സൈസ്, ദേവസ്വം ബോര്‍ഡ്, പള്ളിയോട സേവാസംഘം എന്നിവയുടെ മികച്ച ഏകോപനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ടീം വള്ളംകളി ദിവസം കടവിലുണ്ടാകും. ആംബുലന്‍സ് സജ്ജീകരിച്ചിട്ടുണ്ടെന്നും മല്ലപ്പുഴശേരി, ആറന്മുള പഞ്ചായത്തുകളുടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി രാധാകൃഷ്‌ണന്‍, തിരുവല്ല സബ്‌കലക്‌ടര്‍ സഫ്‌ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ തുളസീധരന്‍ പിള്ള, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ടി ജി ഗോപകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ എസ് രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള, അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണര്‍ ആര്‍ പ്രകാശ്, ആറന്മുള ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി ജയകുമാര്‍ വിവിധ വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.