പാലക്കാട് : ചെക്ക്‌പോസ്‌റ്റിൽ പരിശോധനയ്ക്ക് നിർത്തിയിട്ട ലോറി ഹാൻഡ് ബ്രേക്ക് ഇടാത്തതിനെ തുടര്‍ന്ന് പിന്നോട്ടുനീങ്ങി എതിർ റോഡിലേക്ക് ഇടിച്ചുനിന്നു. വാളയാറിൽ ഇന്നലെ (08.11.2022) വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് ലാറ്ററൈറ്റുമായി പോയ ലോറിയാണ് അപകടം വരുത്തിയത്.
ഡ്രൈവർ ഇറങ്ങിയ ഉടൻ വാഹനം പിന്നോട്ടുനീങ്ങുകയായിരുന്നു. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ലോറി നീങ്ങുന്നത് കണ്ട് പിന്നിലെത്തിയ കാറിലെ ഡ്രൈവർ വേഗം കുറച്ച് ഒഴിഞ്ഞു മാറി. ക്രാഷ് ബാരിയർ തകർത്ത് മീഡിയനിലൂടെ കയറിയ ലോറി എതിർ ദിശയിലെ ഹോട്ടലിന് മുന്നിലാണ് ഇടിച്ചുനിന്നത്.
സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ് റോഡ് സ്വദേശി കെ.റിയാസിനെതിരെ വാളയാർ പൊലീസ് കേസെടുത്തു. ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യുമെന്നും കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും ആർടിഒ എം.കെ ജയേഷ്‌കുമാര്‍ അറിയിച്ചു. ഹാൻഡ് ബ്രേക്ക് ഇടുന്നതിൽ കാണിച്ച അശ്രദ്ധയാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.