പാലക്കാട്: സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജില്ല കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് 74-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊട്ടേക്കാട് കുന്നങ്കാട് ജങ്ഷനില്‍ ബാലഗോകുലത്തിന്‍റെ ഫ്ലക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. 304 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കുന്നങ്കാട് സ്വദേശികളായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർഥൻ, സുജീഷ്, സതീഷ്, എസ് വിഷ്‌ണു, സുനീഷ് , ജിനേഷ്, ബിജു, കല്ലേപ്പുള്ളി സ്വദേശി ആവാസ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും പിടിയിലായിട്ടുണ്ട്. എല്ലാവരും റിമാന്‍ഡില്‍ തുടരുകയാണ്. ഓഗസ്റ്റ് 14ന് രാത്രിയാണ് സിപിഐഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാൻ കൊല്ലപ്പെട്ടത്.
മലമ്പുഴ കുന്നങ്കാട് ജങ്ഷനിൽ കടയ്ക്ക് മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ ബൈക്കിലെത്തിയ രണ്ട് സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ രണ്ട് എണ്ണം ആഴത്തിലുള്ളതായിരുന്നു.
കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും റിപ്പോർട്ടിലുണ്ട്. ബിജെപി ആര്‍എസ്എസ് അനുഭാവികളായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് കൂട്ടം ചേർന്ന് കൊല്ലണമെന്ന ലക്ഷ്യത്തോടെ ഷാജഹാനെ ആക്രമിച്ചു. ശബരീഷ് ഇടതു കൈയിലും തലയിലും അനീഷ് ഇടതുകാലിലും വെട്ടിയതായി കുറ്റപത്രത്തില്‍ വിവരിച്ചിട്ടുണ്ട്.
പാലക്കാട് ഡിവൈഎസ്‍പിയായിരുന്ന വി കെ രാജുവിന്‍റെ നേതൃത്വത്തില്‍ മലമ്പുഴ സിഐ സിജോ വർഗീസാണ് കേസ് അന്വേഷിച്ചത്.