പാലക്കാട് : വർഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യൽ ഫോഴ്‌സും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നും മറ്റ് ജില്ലകളിലെ ക്യാമ്പുകളിൽനിന്നുമെത്തിയ ഉദ്യേഗസ്ഥരെ കൂടാതെ കേരള പൊലീസിന്‍റെ ആന്‍റി നക്സൽ സ്‌ക്വാഡ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തമിഴ്‌നാട് പൊലീസ് എന്നിങ്ങനെ 1,300ൽ അധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
ഞായറാഴ്ച രാത്രി മുതൽ ഇരുചക്രവാഹനങ്ങളിൽ രണ്ട് പുരുഷന്മാർ സഞ്ചരിക്കുന്നത് വിലക്കി ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു. തിങ്കൾ രാവിലെ ഉത്തരവറിയാതെ ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ എത്തിയവരിൽ ഒരാളെ മാത്രമേ യാത്രതുടരാൻ അനുവദിച്ചുള്ളൂ.വിവിധ ചെക്ക്‌പോയിന്‍റുകളിൽ പരിശോധന പൂർത്തിയാക്കിയേ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കാനാകൂ.
Also Read: പാലക്കാട്ടെ ഇരട്ടക്കൊലപാതകം: കൃത്യം ചെയ്‌തത് പരിശീലനം കിട്ടിയ സംഘമെന്ന് പൊലീസ്
നഗരത്തിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങൾ പൂർണമായി പരിശോധിക്കുന്നുണ്ട്. പാലക്കാട് ടൗൺ, സൗത്ത്, കസബ സ്‌റ്റേഷൻ പരിധിയിലായി 30 ഓളം ചെക്ക് പോയിന്‍റുകളുണ്ട്. കൂടാതെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെറുവഴികളിലടക്കം പൊലീസ് സാന്നിധ്യമുണ്ട്. കൊലപാതകം നടന്ന എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലെ മേലാമുറിയിലും ശക്തമായ പൊലീസ് സുരക്ഷയാണുള്ളത്. ഈ പ്രദേശങ്ങളിൽ മാത്രം 200ഓളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.