പാലക്കാട്: മണ്ണാർക്കാട് അരകുർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ചെട്ടി വേലയോടെ സമാപനമായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂരത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമായി സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്നതിനായി ഭഗവതിയുടെ അനുവാദത്തോടെ പരമ്പരാഗതാചാരപ്രകാരം ഘോഷയാത്ര പുറപ്പെട്ടു. നാല് ദേശങ്ങളിലുള്ള സ്ഥാനീയ ചെട്ടിയാന്മാരുടെ വീടുകളിലെത്തി പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ പ്രതിനിധികളെ സ്വീകരിച്ച് ക്ഷേത്രത്തിലെത്തിച്ചതോടെയാണ് പൂരം സമാപിച്ചത്.
അരകുറിശ്ശി ദേശത്തിന്‍റെ വേലയാണ് ആദ്യം തുടങ്ങിയത്. മുമ്മൂർത്തി ക്ഷേത്രം റോഡുവഴി ആനക്കട്ടി റോഡിലൂടെ നെല്ലിപ്പുഴ ജങ്ഷനിലെത്തിയായിരുന്നു അരകുറിശ്ശി ദേശത്തിന്‍റെ വേലയുടെ ആരംഭം. പിന്നാലെ ധർമർ കോവിലിന്‍റെ വേലയും മറ്റ് ദേശവേലകളും ചേര്‍ന്ന് ഘോഷയാത്രയായി ദേശീയപാതയിലൂടെ ക്ഷേത്രത്തിലേക്ക് നീങ്ങി. തെരുവീഥികൾ കൈയടക്കിയും തടിച്ചുകൂടിയ ജനങ്ങളില്‍ കാഴ്‌ചവസന്തം നിറച്ചുമായിരുന്നു ദേശവേലകളുടെ യാത്ര. ഇവക്ക് പൊലിവേകാന്‍ നൃത്തച്ചുവടുകളുമായി തെയ്യവും പൂതനും തിറയും കാഴ്‌ചക്കാവടികളും നിരന്നു. ഇവകള്‍ക്കൊപ്പം നിശ്ചലദൃശ്യങ്ങളും ചെണ്ടമേളങ്ങളും ബാൻഡുവാദ്യങ്ങളുമെത്തിയതോടെ കാണികള്‍ക്ക് കാഴ്‌ച വിരുന്ന്.
ജനസാഗരം സാക്ഷി: ദേശ വേലകളും ഘോഷയാത്രയും കാണാന്‍ ദേശീയപാതയുടെ ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. വൈകിട്ട് ആറരയോടെ ദേശ വേലകൾ ക്ഷേത്രത്തിലെത്തിയതിനെത്തുടർന്ന് ബലിക്കൽപ്പുരയിൽ ദീപാരാധനയും നടന്നു. തുടര്‍ന്ന് വൈകിട്ട് ഏഴിന് കുന്തിപ്പുഴ ആറാട്ടുകടവിൽ ഭഗവതിയുടെ ആറാട്ടും കഴിഞ്ഞ് ആറാട്ട് തിരിച്ചെഴുന്നള്ളി ക്ഷേത്രത്തിലെത്തിയശേഷം 21 പ്രദക്ഷിണത്തോടെ മണ്ണാര്‍ക്കാട് പൂരത്തിന് പരിസമാപ്‌തി.
പൂരം തുടക്കമായത്: ഫെബ്രുവരി 28 നാണ് മണ്ണാർക്കാട് പൂരത്തിന് തുടക്കമായത്. മണ്ണും ആറും കാടും സംഗമിക്കുന്ന സ്ഥലമാണ് മണ്ണാർക്കാട്. കിഴക്കുഭാഗത്തു നെല്ലിപ്പുഴയും പടിഞ്ഞാറുഭാഗത്തു കുന്തിപ്പുഴയും ഒഴുകുന്നു. തെലുഗു, കന്നഡ, തമിഴ്, മലയാളം സംസ്‌കാരങ്ങളുടെ സമന്വയമാണ് മണ്ണാർക്കാട് പൂരം. നൂറ്റാണ്ടുകൾക്കു മുൻപു വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി എത്തിയ ചെട്ടിയാന്മാർക്കുള്ള മൂപ്പിൽ നായരുടെ ആദരം കൂടിയാണ് ചെട്ടിവേല. പൂരത്തിന്‍റെ എട്ടാം നാൾ നഗര പ്രദക്ഷിണം നടത്തി ചെട്ടിയാന്മാരെ ക്ഷേത്രസന്നിധിയിലേക്കാനയിക്കുന്നു. അന്നത്തെ പൂരാഘോഷം അവരുടേതാണ്. ആ ദിവസത്തെ ദീപാരാധനയും ആറാട്ടും അവർക്കുവേണ്ടിയുള്ളതും.
പൂരത്തിന് പിന്നിലെ ഐതിഹ്യം: ശ്രീലകത്തു നിന്നു ദേവി ബലിപ്പുരയിലേക്ക് ഇറങ്ങിയിരുന്ന് അവരെ സ്വീകരിക്കുന്നു. ഇവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന ചടങ്ങാണു ചെട്ടിവേല. അരകുർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ തിരുമാന്ധാംകുന്നിലമ്മയാണ് കുടിയിരിക്കുന്നത്. ഏകദേശം 600 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി നായർ തറവാട്ടിലെ ഒരു ഭക്തനു ദർശനം നൽകി. ഇതിനെ തുടർന്ന് ദേവിയെ തറവാട്ടിൽ കുടിയിരുത്തി ക്ഷേത്രം നിർമിച്ചു പ്രതിഷ്‌ഠ നടത്തിയെന്നാണ് ഐതിഹ്യം.
നേരത്തേ വരിക്കപ്ലാവിൽ കടഞ്ഞെടുത്ത വിഗ്രഹമായിരുന്നു. ഈ വിഗ്രഹം കേടുവന്നതിനെത്തുടർന്നാണ് ശിലാവിഗ്രഹമാക്കിയത്. അയ്യപ്പൻ, ഭദ്രകാളി, ശിവൻ, ഗണപതി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ എന്നീ പ്രതിഷ്‌ഠകളുമുണ്ട്. മണ്ണാർക്കാട് മൂപ്പിൽ നായരെന്ന നാടുവാഴിയുടെ സ്‌മരണകൾ കൂടിയാണ് മണ്ണാർക്കാട് പൂരം. ജന്മിയാണെങ്കിലും സ്നേഹ സമ്പന്നനായ മൂപ്പിൽ നായരുടെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പൂരമാഘോഷം ജാതി, മത വേർതിരിവല്ലാത്ത ഒരു സംസ്‌കാര സംഗമം കൂടിയാണ്. പണ്ട് അട്ടപ്പാടി വനമേഖലയിൽ നിന്ന് വനവിഭവങ്ങളുമായി ആദിവാസികൾ പൂരത്തിനെത്തി ക്ഷേത്ര സന്നിധിയിൽ കാഴ്‌ചവച്ചിരുന്നു. കാടിറങ്ങി വരുന്നവർക്കായി കുന്തിപ്പുഴ തീരത്ത് ഭക്ഷണം നൽകിയിരുന്നു. ഇതാണ് കഞ്ഞി പാർച്ച. പിന്നീട് ഈ സമൂഹസദ്യ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നു.