പാലക്കാട്: പാലക്കാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ പുനര്‍നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരി 14ന് ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിട്ടുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഷാഫിപറമ്പിൽ എം.എൽ.എയാണ് ഇക്കാര്യമറിയിച്ചത്.
യാത്രക്കാർക്കുള്ള ഇരിപ്പിട സൗകര്യം, ടോയ്ലറ്റ്, ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമ സൗകര്യം എന്നിവയടക്കമുള്ളവയുടെ നിർമാണ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ നടക്കുക. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏഴ് കോടി പത്ത് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന് മുമ്പ് ഷാഫി പറമ്പിൽ എം.എൽ.എയും യും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അംഗങ്ങളും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സന്ദർശിച്ചു. നിർദിഷ്‌ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്‍റെ മോഡലും പ്രദർശിപ്പിച്ചു. എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റിന്‍റെയും, ടൗൺ പ്ലാനിങ്, ഫയർ എയർ ഡിപ്പാർട്ട്മെൻറുകളുടെയും അനുമതി ലഭിച്ചു കഴിഞ്ഞതായും എം.എൽ.എ അറിയിച്ചു.