പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ലയാണ് പാലക്കാട്. എന്നാൽ ഇപ്പോൾ കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ ചെയ്യാൻ ആളെ കിട്ടാത്തത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ ജില്ലയിലെ ഒന്നാംവിള കൃഷി ഏതാണ്ട് 90 ശതമാനവും കൊയ്തു കഴിഞ്ഞിട്ടുണ്ട്. സംഭരിക്കാൻ ഗോഡൗണുകളിലേക്ക് മാറ്റുന്നതിന് മുമ്പ് നെല്ല് ഉണക്കുകയും വൈക്കോലുൾപ്പെടെയുള്ള വസ്തുക്കള്‍ നീക്കം ചെയ്യേണ്ടതുമുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാൻ നിലവിൽ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കർഷകരിൽ പലരും സ്വന്തമായാണ് ഇപ്പോൾ ഈ ജോലികൾ ചെയ്യുന്നത്.
അതേസമയം ജില്ലയിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ഒരുക്കങ്ങളും തുടങ്ങി. കൃഷിനിലം ഉഴുത് വിത്ത് വിതയ്ക്കുകയും ചെയ്തു. ജലക്ഷാമം കണക്കിലെടുത്ത് മൂപ്പു കുറഞ്ഞ വിത്താണ് സാധാരണ രണ്ടാം വിളക്ക് ഉപയോഗിക്കുക. എന്നാല്‍ ഇത്തവണ അണക്കെട്ട് ജലസമൃദ്ധമായതിനാൽ ആ ആശങ്കയില്ല. നവംബർ നാല് മുതൽ അണക്കെട്ടുകൾ കൃഷിക്കായി തുറക്കും.