പാലക്കാട്: വള്ളുവനാട്ടിലെ പൂര കച്ചവടക്കാർക്കിത് നിറമില്ലാത്ത പൂരക്കാലമാണ്. കൊവിഡ്-19 മഹാമാരി ഇവരെയും സാരമായി ബാധിച്ചു. സംസ്ഥാന സർക്കാർ പൊതു പരിപാടികളും ഉത്സവങ്ങളും ഉപേക്ഷിക്കണം എന്ന് നിർദേശം നൽകിയതൊടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിയത്. എന്നാല്‍ പരാതികളില്ലാതെ കേരള ജനതക്കൊപ്പം അതിജീവന പോരാട്ടത്തില്‍ ഒപ്പം കൂടുകയാണിവര്‍.
പൂരങ്ങളിലും ആൾക്കൂട്ടത്തിലുമാണ് പൂര കച്ചവടക്കാരുടെ ജീവിതം. ജനുവരി മുതൽ മെയ് വരെയാണ് ഉത്സവ സീസണ്‍. ഉത്സവകാലം മുന്നിൽ കണ്ട് വലിയ തുകക്ക് സാധനങ്ങൾ വാങ്ങി കച്ചവടക്കാര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. പ്രദേശത്തെ വലിയ ഉത്സവങ്ങളായ ആമക്കാവ് പൂരം, പാലക്കാവ് മേൽമുറി പൂരം, വിളങ്ങോട്ട്കാവ് പൂരം, പട്ടാമ്പി നേർച്ച, കൊപ്പം നേർച്ച തുടങ്ങിയ ജനത്തിരക്കേറിയ ആഘോഷങ്ങൾ എല്ലാം തന്നെ മാറ്റിവച്ചതോടെ കച്ചവടക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വന്നിരിക്കുന്നത്.
തൃശ്ശൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് കച്ചവടക്കാർ എത്തുന്നത് പതിവാണ്. ഉത്സവ സീസണ്‍ കഴിഞ്ഞാണ് മിക്കവരും തിരിച്ചുപോവാറുള്ളത്. എന്നാൽ ഇത്തവണ വലിയ പൂരങ്ങളെല്ലാം മാറ്റി വെച്ചത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.