പാലക്കാട്: പി.ടി സെവന്‍ ആനയ്‌ക്ക് ധോണി എന്ന പേര് നൽകി വനംവകുപ്പ്. പാലക്കാട് ധോണിയിലെത്തിയ മന്ത്രി എകെ ശശീന്ദ്രനാണ് ആനയ്ക്ക് ഈ പേര് നൽകിയത്. ധോണി എന്ന സ്ഥലം പ്രശസ്‌തമായത് പി.ടി സെവന്‍ ദൗത്യത്തോടെയാണെന്നും ധോണി ഗ്രാമത്തെ അത്രമേൽ അറിയുന്ന ഈ ആനയ്‌ക്ക് അനുയോജ്യമായ പേര് അതാണെന്നും മന്ത്രി പറഞ്ഞു.
കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തുവച്ച് ഇന്ന് രാവിലെ ഏഴേകാലോടെയാണ് ദൗത്യസംഘം മയക്കുവെടിവച്ചത്. ഇടതുചെവിക്കുതാഴെ മുൻകാലിന് മുകളിലായി വെടിയേറ്റ ആനയെ ലോറിയിൽ ധോണി ഫോറസ്റ്റ് ഓഫിസിലെത്തിച്ച് കൂട്ടിലാക്കി. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കാട്ടുകൊമ്പനെ പിടികൂടിയത്.
കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയിലേക്കും കൂട്ടിലേക്കും കയറ്റിതെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിന്‍റെ ഭാഗമായ എല്ലാവരെയും മന്ത്രി നേരിൽ അഭിനന്ദിച്ചു. പി.ടി സെവനെ വനംവകുപ്പിന്‍റെ സ്വത്തായി സംരക്ഷിക്കും. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. പി.ടി സെവന് ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളെ നിരീക്ഷിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.