മലപ്പുറം: വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ട് കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സഫുവ (26), മക്കളായ ഫാത്തിമ മര്‍സീഹ (4), മറിയം (1) എന്നിവരെയാണ് ഇന്ന് (നവംബർ 3) പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഫുവയുടെ കുടുംബം ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭർത്താവുമായി പിണങ്ങിയതിനെ തുടർന്നാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി സഫുവ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 'ഞങ്ങൾ പോകുന്നു'വെന്ന് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് സഫുവ ജീവനൊടുക്കിയത്.
വിദേശത്തായിരുന്ന സഫുവയുടെ ഭർത്താവ് റാഷിദ് അലി അടുത്തിടെയാണ് നാട്ടില്‍ വന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന സഫുവയുടെ അമ്മയെ കാണാന്‍ പോകണം എന്നാവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ ഇന്നലെ രാത്രി തർക്കമുണ്ടായിരുന്നു. തുടർന്ന് സഫുവ കുഞ്ഞുങ്ങളുമൊന്നിച്ച് മറ്റൊരു മുറിയിലാണ് കിടന്നത്.
മരണം ഭർത്താവിന് മെസേജ് അയച്ച ശേഷം: ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സഫുവ ഭർത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. അഞ്ച് മണിയോടെയാണ് സന്ദേശം റാഷിദിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികൾ കട്ടിലിൽ മരിച്ച നിലയിലും സഫുവയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സഫുവയും അതേ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആദ്യം കുഞ്ഞുങ്ങളെ വിഷം നല്‍കി മാതാവ് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടന്ന പരിശോധനയിലാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
ദുരൂഹതയെന്ന് കുടുംബം: സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഫുവയുടെ കുടുംബം ആരോപിച്ചു. മര്‍ദനം സഹിക്കാം, മാനസിക പീഡനം സഹിക്കാന്‍ ആകില്ല, അതുകൊണ്ട് പോകുന്നു എന്ന് സഹോദരി മരിക്കും മുന്‍പ് മെസേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ പറഞ്ഞു. പറയത്തക്ക വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണമെന്നും സഫുവയുടെ പിതാവും ആവശ്യപ്പെട്ടു.
സഫുവയ്‌ക്ക് മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫുവ മെസേജ് അയച്ചെങ്കിലും തങ്ങളെ അക്കാര്യങ്ങള്‍ അറിയിച്ചത് ആറ് മണിയോടെ മാത്രമാണ്. ഇതെല്ലാം അറിയാന്‍ വൈകി. എന്ത് നടന്നു എന്ന് അറിയണം. നടന്ന കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു.