മലപ്പുറം: മലപ്പുറത്ത് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം വകുപ്പിനെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്ന് സഹോദരൻ ബാലചന്ദ്രൻ. ഭൂമിക്ക് നികുതി അടക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞതില്‍ മനംനൊന്താണ് ആദിവാസി യുവാവ് ബാലൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തങ്ങളുടെ ഭൂമി ഒരിക്കലും ഇനി തിരിച്ചുകിട്ടില്ലെന്നും ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്നും കഴിഞ്ഞ ദിവസം ബാലൻ തന്നോട് പറഞ്ഞിരുന്നതായി സഹോദരൻ ബാലചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ജനുവരി ഒന്നിന് വനം മന്ത്രി രാജുവിനെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം ഉന്നയിച്ചിരുന്നു. കലക്ടർ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ബാലന്‍റെ ആത്മഹത്യക്ക് പൂർണ്ണ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് ബാലന്‍റെ ബന്ധുക്കളുടെ ആവശ്യം. വനം വകുപ്പിന്‍റെ തെറ്റായ നടപടിയിൽ റവന്യൂ വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്ഥീകരിക്കാതിരുന്നതാണ് ആദിവാസി യുവാവിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് വാർഡ് അംഗം അച്ചാമ്മ ജോസഫ് പറഞ്ഞു.