മലപ്പുറം: പാലക്കയം കോളനിയിൽ വനാവകാശ ഊരുകൂട്ടം നടത്തി പി.കെ.ബഷീർ. പാതി വഴിയിൽ മുടങ്ങിയ മൂലേപ്പാടം പാലക്കയം റോഡ് കിറ്റ് കോ എറ്റെടുത്ത് പട്ടികവർഗ വകുപ്പ് ഫണ്ട് ഉപയോഗിച്ച റോഡ് നിർമിക്കാൻ അനുമതിയായതായി എം.എൽ.എ പി.കെ.ബഷീർ ഊരുകൂട്ടത്തെ അറിയിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ റോഡ് സർവ്വേയും ആരംഭിച്ചതായ് അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം മുൻപ് 2.80 കോടി രൂപയ്ക്ക്, കിറ്റ് കോ കരാർ ഏറ്റെടുത്ത് സബ് കരാറുകാരന് നൽകിയിരുന്നു. എന്നാൽ ജി.എസ്.ടി നൽകി പണി പൂർത്തികരിക്കാൻ കഴിയില്ലെന്ന് അറിയിച്ച കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു.
ഈ സാഹചര്യത്തിൽ എം.എൽ.എ കോളനി നിവാസികൾക്കൊപ്പം തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനുമായി നടത്തിയ ചർച്ചയിലാണ് പട്ടികവർഗ വകുപ്പ് ഫണ്ടിൽ റോഡ് നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. വെറ്റിലക്കൊല്ലി നിവാസികൾ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ വീടുകൾ നിർമിക്കാൻ ഫണ്ട് കണ്ടെത്തുമെന്ന് അദ്ദേഹം ഊരുകൂട്ടത്തിൽ വ്യക്തമാക്കി. ഇതിനായി ഈ മാസം 16-ന് ഊരുകൂട്ടം ചേരും. പാലക്കയം മുതുവാൻ കോളനി, കാട്ടുനായ്ക്കകോളനി, വെറ്റലി കൊല്ലി പണിയർ കോളനി എന്നിവിടങ്ങളിൽ നിന്നായി 80 ഓളം കുടുംബങ്ങൾ ഊരുകൂട്ടത്തിൽ പങ്കെടുത്തു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.സുഗതൻ, വാർഡ് അംഗം പാലക്കയം കൃഷ്ണൻകുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് നാലകത്ത് ഹൈദരലി ,തോണിയിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.