മലപ്പുറം: വർഷങ്ങളായി പാടത്തും വയലുകളിലുമായി കൃഷി ചെയ്യുന്ന പൂക്കോട്ടൂർ പള്ളിമുക്ക് കൊല്ലപറമ്പൻ വട്ടതൊടി യൂസുഫിന് ഇന്ന് കൃഷിയിലെ നഷ്ട കണക്കുകൾ മാത്രമാണ് പറയാനുള്ളത്. ഒരു ഏക്കർ കൃഷിയിടത്തിൽ നെല്ല്, വെണ്ട, ചിരങ്ങ, വെള്ളരി, പയർ, ചീര, എന്നിവയാണ് കൃഷി ചെയ്തിരുന്നത്. കൃഷികൾ വിളവെടുപ്പാകുന്നതിന് മുമ്പ് തന്നെ തൊട്ടടുത്ത മലകളിൽ നിന്നും, കാടുകളിൽ നിന്നും പന്നിക്കൂട്ടങ്ങൾ വന്ന് കൃഷി നശിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ALSO READ: ആശങ്ക കനക്കുന്നു ; മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
നാലഞ്ച് വർഷം മുമ്പ് തന്നെ പന്നികൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്നത് വലിയ കൂട്ടങ്ങളായിട്ടാണ് എത്തുന്നത്. രാത്രി എത്തിയാൽ എല്ലാം നശിപ്പിച്ചതിന് ശേഷം പുലരുന്നതിന് മുമ്പേ സ്ഥലം വിടുകയാണ് പതിവ്. ജീവിക്കാൻ മറ്റൊരു മാർഗം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ ഇതിന്‍റെ നഷ്ടങ്ങൾ സഹിച്ചും കൃഷി ചെയ്തിരുന്ന സമയത്താണ് ശക്തമായ മഴയിലും, കാറ്റിലും അകപ്പെട്ട് കൃഷി മൊത്തമായി നശിച്ചത്.
ALSO READ: യെല്ലോ ഫംഗസ് : ലക്ഷണങ്ങളും മുൻകരുതലും
വന്യജീവി സംരക്ഷണ നിയമപ്രകാരം മൃഗങ്ങളെ കൊല്ലാനോ, അക്രമിക്കാനോ പാടില്ലെന്നിരിക്കെ അവയിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തൊട്ടടുത്തുള്ള കൃഷിക്കാരുടെ എല്ലാം അവസ്ഥ ഇത് തന്നെയാണ്. പൂക്കോട്ടൂർ കൃഷിഭവനിൽ നിന്നും കൃഷിക്കാവശ്യമായ എല്ലാ സഹായവും ലഭിച്ചിരുന്നു. 2020-21 കാലയളവിൽ പൂക്കോട്ടൂർ കൃഷിഭവനിൽ നിന്നും മികച്ച നെൽ കർഷകനുള്ള അവാർഡ് ലഭിച്ച യൂസുഫ് ഇനിയും നഷ്ടങ്ങളുമായി കൃഷിയിൽ തുടരാനാകില്ലെന്ന തീരുമാനത്തിലാണ്. യൂസുഫിനെ പോലെയുള്ള കർഷകര്‍ക്ക് സഹായങ്ങളും കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്.