മലപ്പുറം: പുനലൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി അബ്ദുറഹ്മാന്‍ രണ്ടത്താണി മത്സരിക്കും. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പി.എം.എ സലാമിനെ ഏല്‍പിച്ചു. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തിരൂരിലെ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് നടപടി.
പേരാമ്പ്രയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാണക്കാട് തങ്ങള്‍ അറിയിച്ചു. അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീനെയും ഒഴിവാക്കിയാണ് മുസ്ലീം ലീഗിന്‍റെ പട്ടിക. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വി.ഇ അബ്ദുൽ ഗഫൂറാണ് സ്ഥാനാർഥി. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് മത്സരിക്കും.
കാൽനൂറ്റാണ്ടിന് ശേഷം പട്ടികയിൽ വനിതകളും ഇടം പിടിച്ചു. കോഴിക്കോട് സൗത്തിലാണ് നൂർബിന റഷീദ് മത്സരിക്കുക. സുഹറ മമ്പാട്, പി കുൽസു, അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവരെ മറികടന്നാണ് നൂർബിന പട്ടികയിൽ ഇടംപിടിച്ചത്. 1996-ലാണ് ലീഗിന്‍റെ വനിത സ്ഥാനാർഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്.
കോഴിക്കോട്- 2 ൽ മത്സരിച്ച വനിത ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കുന്ദമംഗലത്ത് യു.ഡി.എഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേഷ് പെരുമണ്ണയുടെ സ്ഥാനാർഥിത്വവും അപ്രതീക്ഷതമായിരുന്നു. പ്രതീക്ഷിക്കപ്പെട്ട പോലെ മുൻ മന്ത്രി എം.കെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറി. കഴിഞ്ഞ തവണ തോറ്റ താനൂർ പിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയാണ് നിയോഗിച്ചത്.