മലപ്പുറം: നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് അഞ്ച് ഏക്കറിൽ ആധുനിക മിനി സ്റ്റേഡിയം ഒരുങ്ങുന്നു. കിഫ്‌ബിയിലുൾപ്പെടുത്തി 18.26 കോടി രൂപ ചെലവിലാണ് മൈതാനം ഒരുങ്ങുന്നത്. 400 മീറ്റർ ചുറ്റളവിൽ ആറ് ലൈൻ സിന്തറ്റിക് ട്രാക്ക്, കോർട്ട്, 25 മീറ്റർ നീളമുള്ള പരിശീലന നീന്തൽകുളം, ഗ്രാസ് ഫുട്ബോൾ കോർട്ട്, മൾട്ടി പർപ്പസ് ഇൻഡോർ ട്രെയിനിങ് സെന്‍റര്‍, മൂന്ന് നിലകളോടുകൂടിയ അമിനിറ്റി സെന്‍റര്‍ എന്നിവയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
പി വി അൻവർ എംഎൽഎയുടെ ഇടപെടലാണ് നാടിന്‍റെ സ്വപ്‌നത്തിന് ചിറക് നൽകിയത്. 2017ലാണ് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. സ്റ്റേഡിയം ഒരുങ്ങുന്നതോടെ കോച്ചിങ് ക്ലാസുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളും ഇവിടെ നടത്താം. ഫെബ്രുവരിയോടെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് നിർമാണ ഏജൻസിയായ കിറ്റ്കോ അറിയിച്ചു.