മലപ്പുറം: കേരള ബാങ്ക് ലയനത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ല സഹകരണ ബാങ്ക് ജീവനക്കാർ 20 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിന്‍റെ ഭാഗമായി ബാങ്ക് മലപ്പുറം പ്രധാന ശാഖയ്ക്ക് മുന്നിൽ റിലേ സമരം തുടങ്ങി. കേരള ബാങ്കിൽ ലയിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല സമരം എന്ന ആവശ്യവുമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മുന്നിൽ ജീവനക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു ദിവസമായി റിലേ സമരം നടത്തിവരികയാണ്. യുഡിഎഫ് നേതൃത്വം പിടിവാശിയിൽ ഉറച്ച് നിന്നതോടെയാണ് അനിശ്ചിതകാല സമരവുമായി ജീവനക്കാർ രംഗത്തെത്തിയിട്ടുള്ളത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ 51 ശാഖകളിലും തൊഴിലാളികൾ മൂന്നു ദിവസത്തെ സൂചനാപണിമുടക്ക് നടക്കുകയും, ജനുവരി ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് സഹകരണ മന്ത്രിയുടെ ഇടപെടൽ മൂലം ഈ മാസം 20 ലേക്ക് അനിശ്ചിതകാല നിരാഹാര സമരം മാറ്റിവെച്ചത്. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായിട്ടാണ് റിലേ സമരം നടക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കാതെ അധികൃതർ മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ജീവനക്കാരുടെ നിലപാട്.
നിലവിൽ കേരള ബാങ്കിൽ ലയിക്കാതെ മുന്നോട്ടുപോകാനാണ് യുഡിഎഫ് ശ്രമം. ഇതിനായി നിയമപരമായി എല്ലാ മാർഗ്ഗവും തേടിക്കൊണ്ടിരിക്കുകയാണ് ബാങ്ക് ഭരണസമിതി.