മലപ്പുറം: ദേശീയ ശ്രദ്ധയാകർഷിച്ച വേറിട്ട പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായി നടപ്പിലാക്കി സംസ്ഥാനത്ത് മാതൃക തീർത്ത മലപ്പുറം നഗരസഭ, വീട്ടിൽ ചെന്ന് വാക്‌സിന്‍ നൽകുന്ന പദ്ധതി ആരംഭിച്ചു. നഗരസഭയിലെ മുഴുവൻ വാർഡിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം വീടുകളിൽ എത്തിയാണ് വാക്‌സിൻ നൽകുന്നത്. ഒരാഴ്ചക്കുള്ളിൽ ആരോഗ്യ വിദഗ്‌ധര്‍ ഉൾപ്പെടുന്ന മെഡിക്കൽ സംഘം നഗരസഭയിലെ മുഴുവൻ കിടപ്പിലായ രോഗികൾക്കും, ഭിന്നശേഷിക്കാർക്കും വാക്‌സിന്‍ നല്‍കും.
ALSO READ: ഓണ്‍ലൈനായി ആത്മീയ സംഗമം സംഘടിപ്പിച്ച് മഅ്ദിന്‍ അക്കാദമി
മലപ്പുറത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദവിവരം തേടി സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും, ആരോഗ്യ വിദഗ്‌ധരും നഗര സഭയിൽ എത്തുകയും മാതൃക പ്രവർത്തനങ്ങള്‍ കണ്ട് മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. നഗരസഭയിൽ വീടുകളിലെത്തി വാക്‌സിനേഷന്‍ നൽകുന്ന പദ്ധതി മുനിസിപ്പൽ അതിർത്തിയായ മേൽമുറി പടിഞ്ഞാറെമുക്കിൽ വീടുകളിൽ നേരിട്ടെത്തി നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ അബ്‌ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, സി.പി ആയിശാബി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, കൗൺസിലർമാരായ കെ.വി ശശി മാസ്റ്റർ, സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ, ബിനു രവികുമാർ, സൂപ്രണ്ട് രാജൻ പത്തൂർ, ആരോഗ്യ വിഭാഗം ജീവനക്കാരായ ഡോ. മുഹ്സിന, സി.ടി നൗഫൽ, ഷെറിൻ ജാഫർ, ബിന്ദുജ, ഫസീല എന്നിവർ പങ്കെടുത്തു.