മലപ്പുറം: അറുപത്തിരണ്ടാം വയസിൽ സ്വന്തം സാഹിത്യ സൃഷ്‌ടി പുറത്തിറങ്ങിയ സന്തോഷം പങ്കുവെച്ച് ആൻസി മാത്യു എന്ന വീട്ടമ്മ. നാലാം ക്ലാസ് മുതൽ കവിതാ രചനയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന ചാലിയാർ ഇടിവണ്ണ സ്വദേശി മാപ്പിളപറമ്പിൽ ആൻസി മാത്യുവിന് തന്‍റെ സാഹിത്യ സൃഷ്‌ടി പുറത്തിറങ്ങുന്നത് കാണാൻ അവസരം ലഭിച്ചത് ഈ ലോക്ക് ഡൗൺ നാളുകളിലാണ്. 13 ചെറുകഥകളുടെ സമാഹാരമായ 'കുറച്ച് ദൈവങ്ങളും കുറച്ചേറെ മനുഷ്യരും' എറണാകുളം വായനപുര പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. ആൻസി മാത്യുവിന്‍റെ ആദ്യ ചെറുകഥാ സമാഹാരത്തിന് ഈ ലോക്ക് ഡൗൺ നാളുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 90 രൂപയാണ് പുസ്‌തകത്തിന്‍റെ വില. പ്രശസ്‌ത സാഹിത്യകാരി മിനി മോഹനനാണ് അവതാരിക.
ആൻസി മാത്യുവിന്‍റെ കഥയും കഥന രീതിയും മറ്റ് കഥാകൃത്തുകളിൽ നിന്നും എഴുത്തുകാരിയെ വ്യത്യസ്ഥയാക്കുകയാണ്. മനുഷ്യജീവിതങ്ങളുടെ വിവിധ തലങ്ങളിലേക്ക് ആൻസിയുടെ തൂലിക ചലിച്ചപ്പോൾ, 88 പേജുകളുള്ള ചെറുകഥാ സമാഹാരത്തിനെ വായനക്കാരും ഏറ്റെടുത്തിരിക്കുകയാണ്. നിലമ്പൂർ സ്വദേശിനിയായ ആൻസി നിലമ്പൂർ ഗവ. മാനവേദൻ സ്‌കൂൾ, മമ്പാട് എംഇഎസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടിവണ്ണ സ്വദേശിയായ മാപ്പിളപറമ്പിൽ മാത്യുവിനെ വിവാഹം ചെയ്‌ത് കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞു. കുടുംബജീവിതത്തിന് ഇടയിലും ഇടക്കിടെ മനസിൽ തോന്നുന്ന വരികൾ കവിതകളായും ആശയങ്ങൾ ചെറുകഥകളായും ചെറിയ നോവലുകളായും എഴുതിയിരുന്നെങ്കിലും, സാഹിത്യരചനയിലേക്ക് ഭർത്താവിന്‍റെയും മക്കളുടെയും മരുമക്കളുടെയും പിന്തുണയോടെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ എഴുത്തുകാരി സജീവമാണ്.
84 കവിതകൾ അടങ്ങിയ കവിതാ സമാഹാരം ആദ്യം പുറത്തിറക്കാനായി നിശ്ചയിച്ച് തൃശൂരിലെ ഒരു പ്രസാദകരെ ഏൽപിച്ചിരുന്നു. പുസ്‌തക പ്രസിദ്ധീകരണം വൈകിയെങ്കിലും അത് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആൻസി മാത്യു ഇപ്പോൾ ഫേസ്ബുക്ക് പേജിലൂടെ അവകാശികൾ എന്ന നോവൽ എഴുതുകയാണ്. ആറ് അധ്യായങ്ങൾ പൂർത്തിയായ രചനയ്‌ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിക്കുന്നതും. സമൂഹമാധ്യമങ്ങളാണ് സാഹിത്യ രംഗത്തേക്കുള്ള തന്‍റെ തിരിച്ചുവരവ് സാധ്യമാക്കിയതെന്ന് ആൻസി പറയുന്നു. പതിനെട്ടിന്‍റെ ചുറുചുറുക്കോടെ അറുപത്തിരണ്ടാം വയസിലും മനുഷ്യനെയും അവന്‍റെ ജീവിതരീതിയെയും പ്രമേയമാക്കി കഥകളും കവിതകളുമെഴുതി ശ്രദ്ധേയയാവുകയാണ് വീട്ടമ്മയായ ആൻസി മാത്യു. മക്കൾ: ഷിബു, ഷിജോ. മരുമക്കൾ: മേഘ്ന, ബെർണി.