മലപ്പുറം: പട്ടിക വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ദേശീയ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉപാധ്യക്ഷൻ ഡോ. എൽ. മുരുകൻ. വിവിധ കേന്ദ്ര പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവന പദ്ധതികൾ, വിദ്യാഭ്യാസ സംബന്ധമായ വിവരങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയിൽ ചെലവഴിച്ച തുക വിവരങ്ങൾ കമ്മിഷൻ ശേഖരിച്ചു. പട്ടിക വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമം, നീതി നിഷേധം, തൊഴിൽപരമായ വിവരങ്ങൾ എന്നിവയും അദ്ദേഹം ചോദിച്ചറിഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ലഭ്യത, വീടുകളുടെ തകരാറുകൾ, വഴി പ്രശ്നം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം, ഡെപ്യൂട്ടി കലക്ടർ പി.എം പുരുഷോത്തമൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.