മലപ്പുറം: ഒരു പാട്ടുപോലും പാടാതിരുന്നവർ പാട്ടിന്‍റെ പാലാഴി തീർക്കുന്ന കാലം. വീടിന്‍റെ ചുറ്റുമതിലുകളില്‍ വർണ വിസ്മയം. കാലം കാത്തുവെച്ച കഴിവുകൾ പുറത്തുവന്നത് ഈ ലോക്ക് ഡൗൺ കാലത്താണ്. വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞവർക്കും അപ്രതീക്ഷിതമായി വീട്ടില്‍ അടച്ചിരിക്കേണ്ടി വന്നവർക്കും കൊവിഡ് കാലം പുതിയ ലോകം സമ്മാനിക്കുകയാണ്.
പരപ്പനങ്ങാടി മുണ്ടിയൻകാവിലെ വീട്ടമ്മയായ ബേബി ഗിരിജ സ്കൂളില്‍ പഠിച്ചപ്പോൾ ചിത്രങ്ങളുടെ ലോകത്തായിരുന്നു. പിന്നീട് എപ്പൊഴോ അവയെല്ലാം പോയ് മറഞ്ഞു. ലോക്ക്ഡൗണില്‍ ബേബി ഗിരിജ കലാകാരിയായി മാറുകയായിരുന്നു. വീടിന്‍റെ ചുമരിൽ ആമയും, മുയലും, പശുവും, കുരങ്ങും, താറാവുമെല്ലാം നിറഞ്ഞു. ആദ്യം ചോക്കു കൊണ്ട് ചിത്രങ്ങൾ വരച്ച് പിന്നീട് അതിന് പെയിന്‍റ് നൽകി. പേരക്കുട്ടിക്ക് വേണ്ടിയാണ് ചിത്രങ്ങളൊരുക്കിയതെങ്കിലും അവയെല്ലാം അതിമനോഹരമാണെന്ന് നാട്ടുകാരുടെ പക്ഷം. ബേബി ഗിരിജ ഇനിയും വരയ്ക്കും. അവരുടെ ലോകം വീട് മാത്രമല്ല, വർണങ്ങൾ വിടരുന്ന വലിയ കാൻവാസാണ് അത്.