മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തൊഴിലുടമയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി പുഴക്കര കല്ലിൽ സിദ്ദിഖ് (30), കാരക്കോട് ആനകല്ലൻ ഹസീന (35) എന്നിവരാണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും വിദേശ വ്യാപാരിയുമായ ഷംസുദീന്‍റെ (50) പരാതിയിലാണ് പൊലീസ് നടപടി.
പരാതിക്കാരനായ ഷംസുദീന്‍ ഗൾഫിൽ താമസിക്കുന്ന വീട്ടിലാണ് ഹസീന ജോലി ചെയ്യുന്നത്. ജനുവരി 24ന് പുലർച്ചെ ഷംസുദീനുമൊത്ത് ഹസീന കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഷംസുദീന്‍റെ ലഗേജിന് ഭാരം കൂടിയതിനാൽ ആഭരണങ്ങളും മറ്റു വില കൂടിയ വസ്തുക്കളുമടങ്ങിയ ചെറിയ ബാഗ് ഹസീനയുടെ ലഗേജിലാണ് സൂക്ഷിച്ചത്. എന്നാൽ വിമാനത്താവളത്തിലെത്തി ഷംസുദീൻ ടോയ്‌ലറ്റിൽ പോയ തക്കത്തിൽ യുവതി ലഗേജുമായി മുങ്ങി. തുടർന്ന് ഷംസുദീൻ ഹസീനയുടെ വീട്ടിലും ഭർതൃ വീട്ടിലും ചെന്ന് അന്വേഷിച്ചെങ്കിലും ഹസീന നാട്ടിലെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഷംസുദീന്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കി. എസ്ഐ ബിനുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
ഷംസുദീനുമൊത്ത് വിമാനമിറങ്ങിയ ഹസീന ഷംസുദീന്‍ ഇല്ലാത്ത തക്കം നോക്കി കരിപ്പൂരിൽ എത്തിയ ഭർത്താവിന്‍റെയും കൂട്ടാളികളുടെയും ഒപ്പം കാറിൽ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ നാല് ലക്ഷം രൂപക്ക് കാസർകോട് ജ്വല്ലറിയിൽ വിൽപന നടത്തുകയും വില കൂടിയ വസ്തുക്കൾ ഭർത്താവിന്‍റെ കൂട്ടാളികൾ പങ്കിട്ടെടുക്കുകയുമായിരുന്നു. തിരിച്ച് മറ്റൊരു വിസയിൽ ഗൾഫിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു.ഹസീനയുടെ രണ്ടാം ഭർത്താവായ സിദ്ദിഖ് 2018ൽ കഞ്ചാവ് കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ച് ലഗേജ് തട്ടുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി വി. അബ്ദുൾ കരീം ഉത്തരവിട്ടു.