മലപ്പുറം: അന്തർ സംസ്ഥാന മോഷ്ടാവ് വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ പൂക്കോട്ടുംപാടം തൊണ്ടിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂട്ടിയിട്ട വീടുകളിൽ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. അക്ബറിന്‍റെ അറസ്റ്റോടെ മേഖലയിലെ നിരവധി മോഷണ കേസുകളുടെ ചുരുളഴിയുമെന്ന് പൊലീസ് പറയുന്നു.
വഴിക്കടവിലെ പല വീടുകളിൽ നിന്നായി സ്വർണാഭരണങ്ങളും 42500 രൂപയും കവർന്ന കേസിലും ഇയാൾ പ്രതിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂരിലെ ഒരു അധ്യാപകന്‍റെ വീട്ടിലും ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു. കാളികാവിലെ ഭവനഭേദന കേസിൽ പിടിയിലായ ഇയാൾ മൂന്ന് മാസം മുമ്പാണ് ജയിൽ മോചിതനായത്. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.