മലപ്പുറം: വളാഞ്ചേരിയിൽ രേഖകളില്ലാത്ത പണവുമായി യുവാവ് പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം കാരക്കുറിശ്ശി സ്വദേശി കൃഷ്ണദാസ്(31) ആണ് രേഖകളില്ലാത്ത 13 ലക്ഷം രൂപയുമായി പൊലീസ് പിടിയിലായത്. വളാഞ്ചേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ അതിർത്തിയായ കൊടുമുടിയിൽ കർശന പരിശോധനയാണ് വളാഞ്ചേരി പൊലീസിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് ബൊലേറോ പിക്കപ്പ് വാനിൽ പണം കടത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
ALSO READ: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ ശക്തിപ്രാപിക്കും
ഇയാൾക്ക് കൊപ്പത്ത് നിന്നാണ് പണം ലഭിച്ചതെന്ന് പൊലീസിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. രേഖകളില്ലാത്ത പണമായതിനാൽ ഇത് കുഴൽപ്പണമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. വളാഞ്ചേരി എസ്.എച്ച്.ഒ പി എം ഷമീറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ആനന്ദ് സി പി, ഇക്ബാൽ, മുരളീകൃഷ്ണൻ, എ.എസ്.ഐ രാജൻ, സി.പി.ഒ കൃഷ്ണപ്രസാദ് എന്നിവരാണ് പണം പിടികൂടിയത്.