കോഴിക്കോട്: കുട്ടികളിൽ മലയാള ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി 'അക്ഷര പാമ്പും കോണിയും' എന്ന വ്യത്യസ്ത മാതൃകയൊരുക്കി ഒരു സർക്കാർ വിദ്യാലയം. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ഗവ: യു.പി സ്‌കൂളിലെ അധ്യാപകരാണ് മാതൃഭാഷ ദിനത്തിൽ പുതിയൊരു സാങ്കേതിക വിദ്യയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കുട്ടികളെ മലയാളം അക്ഷരങ്ങൾ എങ്ങനെ പഠിപ്പിച്ചെടുക്കാം എന്ന ചിന്തയിൽ നിന്നാണ് അക്ഷര പാമ്പും കോണിയും എന്ന ആശയത്തിന്‍റെ ഉദയം. സ്‌കൂളിലെ തന്നെ ഒന്നാം ക്ലാസ് അധ്യാപകനായ സുഭാഷ് മാഷാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവച്ചത്. മറ്റ് അധ്യാപകരും പൂർണ പിന്തുണ നൽകിയതോടെ അക്ഷര പാമ്പും കോണിയുടെ മാതൃക തയാറാക്കാൻ തീരുമാനിച്ചു.
മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്‌ത് ഒരു കാരംസ് ബോർഡിന്‍റെ അളവിൽ പ്രിന്‍റ് എടുക്കുകയും അത് ബോർഡിൽ ഒട്ടിക്കുകയും ചെയ്തു. അക്ഷര പാമ്പും കോണിയും കളിക്കാൻ ആവശ്യമായ വലിയ ഡൈസ് മരക്കട്ട കൊണ്ടാണ് തയാറാക്കിയത്. കുട്ടികൾക്ക് ഗ്രൂപ്പായും അല്ലാതെയും കളിയിൽ പങ്കെടുക്കാവുന്നതാണ്.
ALSO READ: 14കാരനെ പീഡിപ്പിച്ച 49കാരൻ അറസ്റ്റില്‍; അക്രമം പുറത്ത് പറയാതിരിക്കാൻ 50 രൂപയും ഭീഷണിയും
സാധാരണ രീതിയിൽ പാമ്പും കോണിയും കളിക്കുന്ന അതേ മാതൃകയിൽ തന്നെയാണ് ഇതും കളിക്കുന്നത്. ഡൈസ് ഇട്ട് കിട്ടുന്ന നമ്പറിൽ കോയിൻ വയ്‌ക്കണം. ഏത് അക്ഷരമുള്ള കളത്തിലാണോ കോയിൻ വരുന്നത് ആ അക്ഷരം കൊണ്ട് കളിക്കുന്ന കുട്ടി ഒരു വാക്ക് പറയണം. ഇത്തരത്തിൽ കളി പുരോഗമിക്കുന്നു. കളിയിലൂടെ ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് വളരെ ലളിതമായും ആസ്വദിച്ചും അക്ഷരങ്ങൾ പഠിക്കാൻ സാധിക്കും.
ഒന്നാം ക്ലാസിൽ അക്ഷരങ്ങളും ചെറിയ വാക്കുകളും പഠിപ്പിക്കാൻ ഇത് കുട്ടികളെ സഹായിക്കുമെങ്കിൽ, ക്ലാസ് ഉയരുന്നതിനനുസരിച്ച് വാക്കിൽ നിന്ന് വാചകങ്ങളുടെ പഠനത്തിനായും ഈ കളി ഉപകരിക്കുമെന്ന് അധ്യാപകർ പറയുന്നു. കൂടാതെ വീടുകളിൽ രക്ഷിതാക്കൾക്കും ഇത്തരത്തിൽ കുട്ടികളോടൊപ്പം കളിച്ചുകൊണ്ട് അവരെ മാതൃഭാഷ പഠിപ്പിക്കാവുന്നതാണ്. അതുവഴി രക്ഷിതാവിന് ലഭിക്കുന്ന അക്ഷരങ്ങൾ കുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കഴിയും. വീട്ടിൽ തന്നെ കളിച്ചു പഠിക്കാൻ എ4 പേപ്പറിൽ അക്ഷര പാമ്പും കോണിയും ലാമിനേറ്റ് ചെയ്ത് കൊടുത്തുവിടുന്നുമുണ്ട്.