കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പക പോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെഎം ഷാജി എംഎല്‍എ. മൂന്നുദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് അറിഞ്ഞെത്തിയാണ് വിജിലന്‍സുകാര്‍ അത് കൈവശപ്പെടുത്തിയത്. ഇത് തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണെന്നും കെഎം ഷാജി പറഞ്ഞു.
Read More: കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
എല്ലാ രേഖയുമുള്ള പണമായതിനാലാണ്, പിണറായിപ്പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും പണം വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്‍റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.
തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന്‍റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാന ശ്രമമാണിത്. അതിനുമുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെഎം ഷാജി വ്യക്തമാക്കി.