കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പേര് പുറത്തുവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ നോയിഡ സ്വദേശി ഷഹറൂഫ് സെയ്‌ഫിയാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളിലേക്ക് എത്തിയത്.
നിര്‍ണായകമായി സാക്ഷി മൊഴി: മുമ്പ് പുറത്തുവിട്ട രേഖാചിത്രവും സോഷ്യൽ മീഡിയ പ്രൊഫൈലും ഒത്തുനോക്കിയാണ് പൊലീസ് പ്രതിയെ കുറിച്ചുള്ള സൂചന നൽകിയത്. ട്രെയിനിൽ തീയിട്ടതിന് ശേഷം ഇയാൾ തൊട്ടടുത്ത ബോഗിയിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് സംഭവത്തിൽ പരിക്കുപറ്റി കൊയിലാണ്ടിയിൽ ചികിത്സ തേടിയ റാസിഖിന്‍റെ മൊഴി. പ്രതിയെ പിടികൂടാൻ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞുവെന്നാണ് സാക്ഷി മൊഴി.
ഇയാളും യാത്രക്കാരിൽ മറ്റ് ചിലരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. അതേസമയം ട്രെയിൻ തീവെപ്പ് കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായും മുമ്പ് സൂചനകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിൽ ചികിത്സ തേടിയത് ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസ്.
കണ്ണൂർ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്ന് കാലിന് മരുന്നുവച്ച ശേഷം അഡ്‌മിറ്റ് ആവാൻ കൂട്ടാക്കാതെ ഒരാൾ പോയി എന്നാണ് ഡോക്‌ടർമാരുടെ മൊഴി. മറ്റൊരു പേരിലാണ് ഇയാൾ അവിടെ എത്തിയതെന്നിരിക്കെ അതിനുശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ എങ്ങോട്ട് പോയി എന്നത് സിസിടിവിയും മറ്റ് സാഹചര്യതെളിവുകളും നോക്കി പൊലീസ് പരിശോധിച്ചുവരികയാണ്.
രേഖാചിത്രത്തിന് പിന്നാലെ പൊലീസ് : ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും റെയിൽവേ പൊലീസും കണ്ണൂര്‍ ജില്ല ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയാണെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. കണ്ണൂർ ടൗൺ സിഐ വിനുമോഹന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്നലെ രാത്രി 12.15 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ കണ്ണൂർ സ്വദേശിയാണെന്നും സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് പ്രതി മറ്റൊരാളെന്ന തരത്തില്‍ പൊലീസ് അറിയിക്കുന്നത്.
അതിനിടെ ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടി മരണപ്പെട്ടുവെന്ന് കരുതുന്ന നൗഫീഖിന്‍റെയും റഹ്മത്തിന്‍റെയും ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂർത്തിയായി. ഇവരുടെ മൃതദേഹങ്ങള്‍ വൈകീട്ട് നാട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ലെങ്കിലും തലക്ക് പിന്നിൽ മുറിവേറ്റിട്ടുണ്ട്. അതേസമയം ശരീരത്തിലെ പരിക്ക് ട്രെയിനിൽ നിന്ന് വീണുണ്ടായതാണെന്നാണ് പൊലീസിന്‍റെ നിഗമനം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു : സംഭവത്തെ തുടര്‍ന്ന് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം, സ്ഫോടക വസ്‌തു നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ, തീവയ്‌പ്പ് തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മാത്രമല്ല സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി സംഭവം അന്വേഷിച്ചുവരികയാണ്. രാജ്യത്ത് മുമ്പ് നടന്ന സമാനമായ സംഭവങ്ങളും അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിൽ അജ്ഞാതന്‍ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയത്. കോഴിക്കോട് എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചാണ് സംഭവം നടക്കുന്നത്. ട്രെയിനിലെ ഡി-1 കമ്പാര്‍ട്ട്മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.