കോഴിക്കോട് : ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ (Scissor In Stomach Case) പൊലീസ് പുതുക്കിയ പ്രതിപ്പട്ടിക (Revised Charge Sheet) കോടതിയിൽ സമർപ്പിക്കും. മഞ്ചേരി മെഡിക്കൽ കോളജിലെ അസി: പ്രൊഫസർ ഡോ: രമേശൻ സി.കെ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ: ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളജ് (Kozhikode Medical College) മാതൃശിശു വിഭാഗത്തിലെ നഴ്‌സുമാരായ രഹന എം, മഞ്‌ജു കെ.ജി എന്നിവരാണ് പ്രതികൾ. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയ നടന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ നാല് പേരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
കുന്നമംഗലം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. അനുമതി ലഭിച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക. മെഡിക്കൽ നെഗ്ലിജൻസ് ആക്‌ട് (Medical Negligence Act) പ്രകാരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അഞ്ച് മാസം കൊണ്ടാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
നടപടിയുമായി പൊലീസ് മുന്നോട്ട് : കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട് ജില്ല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് ജില്ല ഗവണ്‍മെന്‍റ് പ്ലീഡറുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കുന്നത്.
മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ട്, രണ്ട് യൂണിറ്റ് ഡോക്‌ടർമാർ എന്നിവർക്കെതിരെയായിരുന്നു പൊലീസ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം കേസില്‍ ഡോക്‌ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തിയിരുന്നു.
ഡോക്‌ടർമാർക്കെതിരായ നടപടിയിൽ കെജിഎംസിടിഎ : ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യഗ്രത കാണിക്കുന്നു എന്നായിരുന്നു സംഘടനയുടെ ആരോപണം. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഡോക്‌ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌താൽ ആശുപത്രി പ്രവർത്തനം നിർത്തിവച്ച് സമരം ചെയ്‌ത് പ്രതിഷേധിക്കാനും ഡോക്‌ടർമാരുടെ സംഘടന ആലോചിക്കുന്നുണ്ട്.