കോഴിക്കോട്: ശബരിമല വിഷയത്തിൽ കടകംപള്ളി നടത്തിയ വേദപ്രകടനത്തിൽ ഒന്നും പരിശോധിക്കാനില്ലെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. അദ്ദേഹം പറഞ്ഞതിനെ പർവതീകരിക്കേണ്ട ആവശ്യമില്ല. അതെല്ലാം അടഞ്ഞ അധ്യായമാണെന്നും എസ്ആർപി ഇടിവി ഭാരതിനോട് പറഞ്ഞു.
സുപ്രീംകോടതി വിധി വന്നതിന് ശേഷം ശബരിമലയിൽ എന്ത് വേണമെന്ന് തീരുമാനിക്കും. അതിന് മുമ്പുള്ള ചർച്ചകളും പ്രസ്ഥാവനകളുമെല്ലാം തോക്കിൽ കയറി വെടി വെയ്ക്കലാണ്. ഇതൊരു വൈകാരിക വിഷയമാക്കി വോട്ട് തട്ടാനാണ് ബിജെപിയുടേയും പ്രതിപക്ഷ കക്ഷികളുടേയും നീക്കം. ഇടത് പക്ഷത്തെ തോൽപ്പിക്കാൻ കേരളത്തിൽ വലതുപക്ഷ കക്ഷികൾ ഒന്നിച്ച് നിൽക്കുന്നത് പതിവുള്ള സംഭവമാണ്.
ഇത്തവണയും പല മണ്ഡലങ്ങളിലും ആ കൂട്ടുകെട്ടുണ്ട്, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ അത് വിലപ്പോകില്ല. ശക്തമായ കാറ്റ് എൽഡിഎഫിന് അനുകൂലമാണ്, കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തും. ഓരോ ദിവസവും ഓരോ കള്ളക്കഥയുമായാണ് പ്രതിപക്ഷം രംഗത്ത് വരുന്നത്. ഇതെല്ലാം നുണബോംബുകളാണ്.
ഈ കള്ള പ്രചാര വേലകളെ ജനം പുച്ഛിച്ച് തള്ളുമെന്നും എസ്ആർപി പറഞ്ഞു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും അടുത്ത പാർട്ടി കോൺഗ്രസോടെ പിൻവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിഷ്‌ടകാലം ഗവേഷണത്തിലും അധ്യാപനത്തിലും മുഴുകാനാണ് താൽപര്യമെന്നും എസ്. രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.