കോഴിക്കോട്: മാവൂർ മാനാംതോട്ടത്തിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. രണ്ട് ദിവസങ്ങളിലായി അര ഏക്കറിലെ കൃഷി പന്നിക്കൂട്ടം നശിപ്പിച്ചു. മാവൂർ സ്വദേശികളായ അരവിന്ദാക്ഷൻ, പാലത്തിങ്ങൽ ശിവദാസൻ എന്നിവരുടെ കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങി കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. മുള്ളൻ പന്നികളും കൃഷിയിടങ്ങളിൽ എത്തുന്നുണ്ട്. പന്നികൾ മനുഷ്യരെയും ആക്രമിക്കുന്നതിനാൽ രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
മീമുള്ളാംപാറ, കാഞ്ഞിരക്കുഴി, കണ്ണിപറമ്പ് ഭാഗങ്ങളിലും കഴിഞ്ഞ ദിവസം പന്നിക്കൂട്ടം കൃഷിനശിപ്പിച്ചിരുന്നു. പന്നിശല്യം കാരണം കൃഷി ഉപേക്ഷിച്ചവരുമുണ്ട്. വനം വകുപ്പും കൃഷി വകുപ്പും ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടുപന്നികളെ വെടിവക്കുന്നതിന് വ്യവസ്ഥകളോടെ വനം വകുപ്പിൻ്റെ അനുമതിയുണ്ട്. എന്നാൽ മാവൂർ പഞ്ചായത്തിൽ തോക്ക് ലൈൻസുളളവരില്ലാത്തതാണ് തടസമെന്ന് വനം വകുപ്പ്.